ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി.

06:57 pm 19/11/2016
images (3)
ചെന്നൈ: രണ്ടു മാസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി. എ.ഐ.എ.ഡി.എം.കെ പാർട്ടിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ജയലളിതക്ക് അണുവിമുക്ത അന്തരീക്ഷം ആവശ്യമുള്ളതിനാലാണ് ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍തന്നെ തുടരുന്നതെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജയലളിത പൂര്‍ണ ആരോഗ്യവതിയാണെങ്കിലും രോഗം ഭേദപ്പെട്ടുവരുന്ന ഈ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷിയുടെ കുറവുണ്ട്. സൂക്ഷ്മ നിരീക്ഷണം നല്‍കിയില്ളെങ്കില്‍ വീണ്ടും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ ശ്വസന സഹായിയുടെ ആവശ്യം ഇപ്പോള്‍ കുറച്ചുവരുകയാണ്. ശ്വസനം സ്വാഭാവിക നിലയിലാക്കാന്‍ കൃത്രിമ ശ്വസന സഹായി ഇടവിട്ടാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയെ ഏതു സമയവും മുറിയിലേക്ക് മാറ്റാം. ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് ആശുപത്രി വിടാനുമാകും. എന്നാല്‍, കുറച്ചുകാലത്തേക്ക് സൂക്ഷ്മ നിരീക്ഷണം ആവശ്യമുള്ളതിനാല്‍ അണുബാധമുക്ത അന്തരീക്ഷം വേണ്ടിവരുന്നതിനാലാണ് ആശുപത്രിയില്‍തന്നെ തുടരുന്നത്്. ജയലളിത സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. പോഷക ഭക്ഷണമാണ് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങുമെന്ന് അണ്ണാ ഡി.എം.കെ വക്താവ് നാഞ്ചി സമ്പത്ത് ആശുപത്രിക്ക് പുറത്ത് പ്രതികരിച്ചിരുന്നു. ജയലളിതയുടെ ആശുപത്രി വാസം രണ്ട് മാസത്തോത്തോടടുക്കുകയാണ്. രോഗശാന്തിക്കായി പ്രാര്‍ഥിച്ചവര്‍ക്ക് കഴിഞ്ഞ ദിവസം അവര്‍ നന്ദി അറിയിച്ചിരുന്നു.