കലാഭവന്‍ മണിയുടെ സാമ്പിളുകളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി.

12:57pm 21/3/2016
download (1)
തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥരീകരിച്ചത്. മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നാണ് പരിശോധനാഫലത്തില്‍ നിന്ന് ഊഹിക്കേണ്ടത്. ഏതെങ്കിലും മരുന്ന് ഉപയോഗിച്ചതില്‍ നിന്നാണോ കറുപ്പിന്റെ സാന്നിധ്യമെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും. കൊച്ചിയിലെ ആശുപത്രിയില്‍ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ രാത്രിയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെയല്ല, പിറ്റേദിവസം പുലര്‍ച്ചെയാകാം കീടനാശിനി ശരീരത്തില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മണിയുടെ അടുത്ത സുഹൃത്തുക്കളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരാണ് അവസാന നിമിഷങ്ങളില്‍ മണിക്കൊപ്പമുണ്ടായിരുന്നത്.

അതേസമയം, നടന്‍ കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. കരള്‍ രോഗബാധ അദ്ദേഹത്തിന് ഏറെ സംഘര്‍മുണ്ടായക്കിയതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് ജോലി അന്വേഷിക്കണമെന്ന് സഹായികളോട് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

മണിയുടെ ഒട്ട് ഹൗസിലെ പറമ്പില്‍ നിന്ന് ലഭിച്ച ടിന്നുകളില്‍ ഉണ്ടായിരുന്നത് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മണിയുടെ ഔട്ട് ഹൗസായ പാടിയിലെ കുഴിയില്‍ നിന്നു ലഭിച്ച കുപ്പികളില്‍ ഉണ്ടായിരുന്നത് മേക്കപ്പ് സാമഗ്രികളാണെന്നാണ് കരുതുന്നു.