കല്‍ക്കരിപ്പാടം അഴിമതി: സിബിഐ ഉന്നതര്‍ കൈക്കൂലി വാങ്ങി കേസ് അട്ടിമറിച്ചു

10:59am 2/5/2016
download (4)
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന് ആരോപണം. മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ചില കേസുകള്‍ ഒതുക്കിത്തീര്‍ത്തെന്ന് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഓഫീസര്‍ സിബിഐ ഡയറക്ട്ര്ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
മൂന്ന് പേജുകള്‍ വരുന്ന കത്തില്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോഴ വാങ്ങി കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപിച്ചിരിക്കുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ ഡയറക്ടര്‍ അനില്‍ സിംഹയ്ക്ക് കിട്ടിയ അജ്ഞാത കത്തിലാണ് ആരോപണം. ഉദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങി കേസുകള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് മൂന്ന് പേജുകള്‍ വരുന്ന കത്തിലുള്ളത്.
ചില ഇടപാടുകളില്‍ കേസ് എടുക്കണമെന്ന മേധാവിയുടെ നിര്‍ദേശം പോലും അട്ടിമറിച്ചു. മറ്റ് ചിലതില്‍ ചില പോയിന്റുകള്‍ വിട്ടുകളഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് 24 കേസുകളാണ് കത്തില്‍ പ്രത്യേകമായി കാണിച്ചിരിക്കുന്നത്. കത്ത് വന്നതോടെ ഈ കേസുകളില്‍ വീണ്ടും അന്വേഷണം നടത്താന്‍ സിബിഐ ഉന്നതോദ്യോഗസ്ഥന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഈ മാസം 4 ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കുകയായിരുന്നു.