കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചേക്കും

12.01 PM 07-09-2016
kashmir2490
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സൂചന. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ച ഉയര്‍ന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.
സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ വ്യക്തിഗത ചര്‍ച്ചക്ക് രാജ്യസഭാ എം പി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരും പോയിരുന്നു. എന്നാല്‍ ഇവരെ കാണുവാനോ സംസാരിക്കാനോ ഹുറിയത്ത് നേതാക്കള്‍ സമ്മതിച്ചിരുന്നില്ല.
കേന്ദ്ര സര്‍ക്കാറിന്റെ സര്‍വകക്ഷി സംഘത്തോടുള്ള നിസഹകരണം കശ്മീര്‍ താഴ്വരയില്‍ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങള്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളിക്കളഞ്ഞിരുന്നു.