കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.

08:08 am 28/9/2016
images (2)
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ കശ്മീരില്‍ ഇന്നലെ ഒരിടത്തും കര്‍ഫ്യൂ ഉണ്ടായിരുന്നില്ല. അതേസമയം ആളുകള്‍ കൂട്ടംകൂടുന്നത് പലയിടത്തും സുരക്ഷാസേന വിലക്കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഈ നിയന്ത്രണങ്ങളെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താഴ്വരയില്‍ പൊതുവേ സമാധാനം തിരിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികളുടെ ആഹ്വാനത്തെതുടര്‍ന്ന് 81 ദിവസങ്ങളായി താഴ്വരയിലെ ജനജീവിതം നിശ്ചലമായിരുന്നു. വിദ്യാലയങ്ങളും കടകമ്പോളങ്ങളുമെല്ലാം അടഞ്ഞുകിടന്നു. വിദ്യാലയങ്ങളും കടകളും പെട്രോള്‍ പമ്പുകളും മറ്റും ഇന്നലെയും തുറന്നില്ളെങ്കിലും കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. ശ്രീനഗര്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനത്തിരക്ക് കാണാമായിരുന്നു. താഴ്വരയില്‍ ഇതുവരെ നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 82 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റത്.

രണ്ടുമാസത്തിനു ശേഷം കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം ചൊവ്വാഴ്ച പുന$സ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗര്‍-മുസഫറാബാദ് റൂട്ടിലാണ് ചരക്കു നീക്കം തുടങ്ങിയത്. ഉറി മേഖലയിലെ സലാമാബാദ് ട്രേഡ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍ 12 ട്രക്കുകള്‍ ചരക്കുമായി എത്തി. എന്നാല്‍, പാക്കധീന കശ്മീരില്‍നിന്ന് ഒരു ട്രക്കാണ് എത്തിയത്. പാകിസ്താന്‍ വ്യാപാരികള്‍ ആഗസ്റ്റ് നാലു മുതല്‍ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചിരുന്നു. ‘കശ്മീരില്‍ പ്രക്ഷോഭരംഗത്തുള്ള ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം’ എന്ന പേരിലായിരുന്നു അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കം നിര്‍ത്തിയത്. 2005 ഏപ്രില്‍ ഏഴിന് ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വിസ് ആരംഭിച്ചതിന് ശേഷം തുടങ്ങിയ വ്യാപാരബന്ധവും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കംകൂട്ടിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ വ്യാപാര ബന്ധത്തിന് 2004ല്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും 2008 ഒക്ടോബര്‍ 31നാണ് ഇത് പ്രാബല്യത്തില്‍ വന്നത്.