കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍

ജയിസണ്‍ മാത്യു

09:31am 20/7/2016

Newsimg1_67291593
ടൊറോന്റോ : ലണ്ടന്‍ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള “കനേഡിയന്‍ ടയര്‍” എന്ന ബൃഹത് പ്രസ്ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ മലയാളിയാവുകയാണ് രഞ്ജിത് സോമന്‍.

വാഹനം ,വീട് , വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയന്‍ ടയര്‍. ഈ വമ്പന്‍ വിപണന ശ്രേണിയില്‍ ഒരു കണ്ണിയാകാന്‍ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരുപ്പിന്റെയും ഫലമായാണ് ഒരു കനേഡിയന്‍ ടയര്‍ സ്‌റ്റോര്‍ കൈക്കലാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ വംശജനായി രഞ്ജിത് മാറിയത്.

ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനെന്റ് കമാന്‍ഡര്‍ ആയിരുന്ന രഞ്ജിത് 2010 ­ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഫെഡെക്‌സ് കാനഡയില്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഓപ്പറേഷന്‍സ് മാനേജരായി ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്തു. പിന്നീട് സണ്‍കോറില്‍ കോണ്‍ട്രാക്ട് ആന്‍ഡ് റിലേഷന്‍ഷിപ് മാനേജരായി ജോലി ചെയ്തു.

ഇന്ത്യന്‍ നേവിയില്‍ എയര്‍ വാര്‍ഫെയറില്‍ സ്‌പെഷ്യലിസ്‌റ് (പൈലറ്റ് ) ആയിരുന്ന രഞ്ജിത് എന്ന നേവല്‍ ഏവിയേറ്റര്‍ക്കു 2000 ­ലേറെ മണിക്കൂറുകള്‍ വിമാനം പറത്തിയ പരിചയമുണ്ട്. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ആന്റി­പൈറസി ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലൂടെ ജവഹര്‍ലാല്‍ നെഹ്‌­റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ രഞ്ജിത് , കാല്‍ഗരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആല്‍ബര്‍ട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ പഠനം പൂര്‍ത്തിയാക്കി. ലീന്‍ സിക്‌സ് സിഗ്മായില്‍ ഗ്രീന്‍ ബെല്‍റ്റും നേടി. തുടര്‍ന്നാണ് നാളിതുവരെ നേടിയ അനുഭവസമ്പത്തും, വിദ്യാസമ്പത്തും മൂലധനമാക്കി കാനഡയിലെ ഒരു മുഖ്യധാരാ ബിസിനസ്സില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാല്‍ സോമനാഥന്‍ നായരുടെയും ( കാര്‍ട്ടൂണിസ്‌റ് നാഥന്‍) ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഏക സഹോദരി കവിത മധു കാല്‍ഗരിയില്‍ സ്ഥിര താമസമാണ് ; സിന്‍ക്രൂഡില്‍ ജോലി ചെയ്യുന്നു.

ഐ ടി പ്രൊഫഷണലായ ഭാര്യ വീണ ദീര്‍ഘകാലം ഐ.ബി എം ­കാനഡയില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ ബിസിനസ് പാര്‍ട്ട്ണര്‍ ആയി മുഴുവന്‍ സമയവും രഞ്ജിത്തിന്റെ സഹായിയായി കൂടെ നില്‍ക്കുന്നു. രണ്ടു കുട്ടികളുണ്ട് : നിവേദിതയും ദേവികയും.

ഒഴിവു വേളകളില്‍ സുഹൃത്തുക്കളോടും കുടുംബത്തോടും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന രഞ്ജിത് നീണ്ട െ്രെഡവിങ്ങും ട്രെക്കിങ്ങും ആസ്വദിക്കാറുണ്ട്. എണ്ണഛായാചിത്രങ്ങള്‍ വരക്കുന്നതും അച്ഛനെപ്പോലെ കാര്‍ട്ടൂണ്‍ വരക്കുന്നതും ഇഷ്ട്ട വിനോദങ്ങളാണ്.

വരും കാലങ്ങളില്‍ കനേഡിയന്‍ ടയറിന്റെ തന്നെ കൂടുതല്‍ സ്‌റ്റോറുകള്‍ സ്വന്തമാക്കി കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനും, പഠിച്ചു കൂടുതല്‍ ഉയരങ്ങള്‍ താണ്ടി തന്റേതായ ഒരു കൊച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

കഷ്ട്ടപ്പെടാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ കാനഡയില്‍ എത്തിയാല്‍ എന്തും നേടാം; ആരുമാകാം എന്ന് സ്വന്തം അനുഭവ സാക്ഷ്യത്തിലൂടെ സമര്‍ത്ഥിക്കുകയാണ് രഞ്ജിത്. കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ നല്ലതും ചീത്തയുമായ ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന ഈ വേളയില്‍ ഇരുകൂട്ടരുടെയും വാദഗതികള്‍ ശരിവെക്കുന്ന രഞ്ജിത്, കഠിനാദ്ധ്വാനികളാണെങ്കില്‍ മലയാളികള്‍ക്കും കാനഡ ഒരു വളക്കൂറുള്ള മണ്ണാണെന്ന് തെളിയിക്കുന്നു .