കാനഡാ ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ പ്രധാന തിരുനാള്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി

08:55 am 9/10/2016
Newsimg1_89999240
ടൊറോന്റോ: കാനഡായിലെ സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ ടൊറോണ്ടോയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ( മുത്തിയമ്മ ) തിരുനാള്‍ ഒക്ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച സെയിന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു.

എറ്റോബികോക്കിലുള്ള ട്രാന്‍സിഫിഗുരേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ് പള്ളി വികാരി റവ ഫാ ജോര്‍ജ് പാറയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുനാള്‍ കുര്‍ബാനയില്‍, വുഡ്ബ്രിഡ്ജ്­ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ പള്ളി അസ്സി. വികാരി റവ ഫാ മാര്‍ട്ടിന്‍ ചെറുമഠത്തില്‍ തിരുനാള്‍ സന്ദേശം നല്‍കുകയുണ്ടായി. തുടര്‍ന്നു മാതാവിനോടുള്ള പ്രെത്യേക വണക്കത്തിന്റെ ഭാഗമായി ലദീഞ്ഞും അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. തിരുനാള്‍ പ്രദിക്ഷണത്തില്‍ വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ടും മുത്തുക്കുടകളേന്തിയും വിശ്വാസ സമൂഹം തങ്ങള്‍ക്കു ലഭിച്ച വിശ്വാസ പാരമ്പര്യം ഒരിക്കല്‍ കൂടി പ്രഘോഷിച്ചു. കാനഡാ സിറോ മലബാര്‍ എക്‌­സാര്‍ക്കേറ്റ് അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും എക്‌­സാര്‍ക്കേറ്റില്‍ പ്രഖ്യാപിച്ച യുവജന വര്‍ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി.

ഒരു ഇടവകാംഗം തിരുനാള്‍ ലേലത്തിനായി മുത്തിയമ്മയുടെ രൂപത്തില്‍ സമര്‍പ്പിച്ച രുദ്രാക്ഷത്തിലും വെള്ളിയിലും തീര്‍ത്ത കൊന്തമാല, പിതാവിന്റെയും വൈദികരുടെയും ഇടവക സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തില്‍ നടത്തപ്പെട്ട ജനകീയ ലേലത്തില്‍ ബിജു & ഷീനാ കിഴക്കേപ്പുറത്തു കുടുംബം കരസ്ഥമാക്കുകയുണ്ടായി. സ്‌നേഹ വിരുന്നോടുകുടി സമാപിച്ച തിരുനാള്‍ കര്‍മ്മങ്ങളുടെ പ്രസുദേന്തിമാരായിരുന്ന വിശുദ്ധ പത്താം പീയൂസിന്റെ നാമദേയത്തിലുള്ള സ്കാര്‍ബൊറോ കുടാരയോഗത്തിലെ കുടുംബങ്ങളെ വികാരി റവ ഫാ പത്രോസ് ചമ്പക്കര പ്രത്യേകമായി അനുമോദിക്കുകയുണ്ടായി. തിരുനാളിന്റെ എല്ലാ തിരുകര്‍മ്മങ്ങളും ബഹു. വികാരിയുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ശ്രീ ജോബി വലിയപുത്തന്‍പുരയില്‍, ശ്രീ ജോണ്‍ അരയത്ത്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക സമൂഹത്തിന്റെ സജീവ സഹകരണത്തോടു നടത്തപ്പെട്ടു . ജോണ്‍ കുരുവിള അരയത്ത് അറിയിച്ചതാണി­ത്.