പ്രവേശപരീക്ഷാകമീഷണര്‍ നടത്തിയ അവസാനവട്ട സ്പോട്ട് അഡ്മിഷന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചു

08:55 am 9/10/2016

download
തിരുവനന്തപുരം: പ്രവേശപരീക്ഷാകമീഷണര്‍ നടത്തിയ അവസാനവട്ട സ്പോട്ട് അഡ്മിഷന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചു. ഇരുകോളജുകളും നേരിട്ട് നടത്തിയ സമ്പൂര്‍ണപട്ടിക സ്പോട്ട് അഡ്മിഷന്‍ സമയത്ത് ഹാജരാക്കിയില്ളെന്ന് പരിശോധനയില്‍ കണ്ടത്തെി. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ളെന്നും നീറ്റ് റാങ്ക് ക്രമം അപ്പാടെ അട്ടിമറിച്ചെന്നും കണ്ടത്തെിയിട്ടുണ്ട്.

ഇരുകോളജുകളും നേരിട്ട് നടത്തിയ പ്രവേശത്തില്‍ ക്രമക്കേടുണ്ടെന്നും അവ റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കണ്ണൂര്‍, കരുണ എന്നിവിടങ്ങളിലെ 250 സീറ്റുകള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായി. ഇവിടങ്ങളില്‍ ഇതിനകം മെഡിക്കല്‍പ്രവേശം നേടിയവരെയും അപേക്ഷ നിരസിച്ചവരെയും ജയിംസ് കമ്മിറ്റിക്ക് പരാതി നല്‍കിയവരെയും പരിഗണിച്ച ശേഷമേ പുതുതായി രജിസ്റ്റര്‍ ചെയ്തവരെ സ്പോട്ട് അഡ്മിഷന് പരിഗണിക്കാവൂ എന്നാണ് ഹൈകോടതി ഉത്തരവ് നല്‍കിയിരുന്നത്. ഇതിനുള്ള രേഖകള്‍ കോളജ് അധികൃതര്‍ വെള്ളിയാഴ്ചത്തെ സ്പോട്ട് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണമായിരുന്നു.

നീറ്റ് റാങ്ക് പട്ടിക പാലിച്ചാണോ പ്രവേശം നടന്നതെന്ന് പരിശോധിച്ച് ക്രമം ലംഘിച്ച് നല്‍കിയ പ്രവേശം റദ്ദാക്കാനും കോടതി ഉത്തരവുണ്ടായിരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകളിലാണ് പ്രവേശപരീക്ഷാ കമീഷണര്‍ വഴി പുതുതായി രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ ഉത്തരവ് കോളജുകള്‍ പാലിച്ചില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഇതുസംബന്ധിച്ച രേഖ ഹാജരാക്കുകയോ കോളജിന്‍െറ പ്രതിനിധികള്‍ ഹാജരാവുകയോ ചെയ്തില്ല. കരുണ മെഡിക്കല്‍ കോളജ് ഹാജരാക്കിയത് അപൂര്‍ണമായ രേഖയാണെന്നും പരിശോധനയില്‍ വ്യക്തമായി. അതിന്‍െറ അടിസ്ഥാനത്തില്‍ ഇരുകോളജുകളും നേരിട്ട് നടത്തിയ പ്രവേശം റദ്ദാക്കണമെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. നിയമോപദേശംകൂടി കിട്ടിയശേഷമാകും അന്തിമതീരുമാനം. ഒക്ടോബര്‍ 13ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രവേശപരീക്ഷാകമീഷണര്‍ കോടതിക്ക് നല്‍കും.

സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത കോളജുകളാണ് രണ്ടും. ഫീസ് വര്‍ധന സംബന്ധിച്ച് ആക്ഷേപം കൂടി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍തന്നെയാണ് സര്‍ക്കാര്‍ ആലോചന. മെറിറ്റ് പാലിക്കാതെ കോളജുകള്‍ നേരിട്ട് നടത്തിയ പ്രവേശം റദ്ദാക്കണമെന്നും ഓണ്‍ലൈന്‍ പ്രവേശത്തിന് കുട്ടികള്‍ക്ക് അവസരം നല്‍കിയില്ളെന്നും തുടക്കം മുതല്‍ ജയിംസ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ പ്രവേശാവകാശം സര്‍ക്കാറിന് നല്‍കണമെന്ന് ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ചത്തെ സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഹൈകോടതിവിധി ഉണ്ടായത്.

ശനിയാഴ്ച രാവിലെ വരെ നീണ്ട സ്പോട്ട് അഡ്മിഷനില്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് (ആറ് സീറ്റുകള്‍), കോഴിക്കോട് മലബാര്‍ (എട്ട് സീറ്റുകള്‍), പരിയാരം (ഒരു സീറ്റ്) എന്നിങ്ങനെ പ്രവേശം പൂര്‍ത്തിയാക്കി. കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ 150 സീറ്റുകളിലും പ്രവേശം നടന്നു. 11 ഡെന്‍റല്‍ കോളജുകളിലെ 138 ബി.ഡി.എസ് സീറ്റുകളിലേക്കും തത്സമയ പ്രവേശവും പൂര്‍ത്തിയാക്കി.