ഒക്ടോബര്‍ 4 ന് നടന്ന കെയിന്‍ – ­പെന്‍സ് ഡിബേറ്റ്

08:58 am 9/10/2016

(ഒരു അവലോകനം:­ തോമസ് കൂവള്ളൂര്‍)
Newsimg1_39705302
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 4ന് വിര്‍ജീനിയയിലെ ലോങ്ങ് വുഡ് യൂണിവേഴ്‌­സിറ്റിയില്‍ വച്ചു നടന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ റ്റിം കെയിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും തമ്മിലുള്ള ഡിബേറ്റ് മുന്‍ തീരുമാനമനുസരിച്ച് കൃത്യസമയത്ത് തന്നെ നടക്കുകയും അവസാനിപ്പിക്കുകയും ചെയ്തു എന്നുള്ളത് ശ്രദ്ധേയമായിരുന്നു.
ഹില്ലരി ക്ലിന്റന്‍ അവരുടെ വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത റ്റിം കെയിനും, ഡൊണാള്‍ഡ് ട്രമ്പ് തന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മൈക്ക് പെന്‍സും ഏതാനും ചില കാര്യങ്ങളിലൊഴികെ മിക്കകാര്യങ്ങളിലും താദാത്മ്യം ഉള്ളവരാണെന്നു കാണാന്‍ കഴിഞ്ഞു. രണ്ടുപേരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയും അവരുടെ നോമിനികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റു സ്ഥാനാര്‍ത്ഥികളെയും അവരുടെ കുറുവുകളെ മറച്ചു വച്ചുകൊണ്ട് പിന്‍തുണയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു. രണ്ടുപേരുടെയും മക്കള്‍ അമേരിക്കന്‍ മിലിറ്ററിയില്‍ സേവനം ചെയ്യുന്നു. രണ്ടുപേരും അറ്റോര്‍ണിമാരും, അനേകവര്‍ഷം വാഷിങ്ങ്ഡന്‍ ഡി.സി.യില്‍ പ്രവര്‍ത്തിച്ചു തഴക്കവും പഴക്കവും ഉള്ളവരാണ്. രണ്ടുപേരും ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരും, ഈശ്വരവിശ്വാസികളുമാണ്. രണ്ടുപേര്‍ക്കും കുടുംബബന്ധങ്ങള്‍ ഉള്ളവരുമാണ്. രണ്ടുപേരും തങ്ങളുടെ കുടുംബത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതായും മാതാപിതാക്കളെ ബഹുമാനിക്കുന്നവരുമാണെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞു.

വിര്‍ജീനിയായില്‍ സ്ഥിരതാമസക്കാരനും, വിര്‍ജീനിയായിലെ മുന്‍ ഗവര്‍ണ്ണര്‍ എന്ന നിലയ്ക്കും, അവിടുത്തെ ലോ കോളേജിലെ പ്രഗത്ഭനായ പ്രൊഫസര്‍ എന്ന നിലയ്ക്കും ഡിബേറ്റില്‍ മേല്‍ നിയന്ത്രണം കെയിനു തന്നെ ആയിരുന്നു. തന്റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച് മൈക്ക് പെന്‍സിനെ അടിച്ചു താഴ്ത്താന്‍ അദ്ദേഹം ശ്രമിക്കുന്നതു കാണാമായിരുന്നു. അക്കാരണത്താല്‍ത്തന്നെ മോഡറേറ്റര്‍ ആയിരുന്ന ചെറുപ്പക്കാരിയും, ശാന്തപ്രതിയുള്ളവളും, ഏഷ്യക്കാരിയുമായ ഇലെയിന്‍ ക്വജാനേയ്ക്ക് തുടരെതുടരെ വിഷയം മാറ്റേണ്ടതായി വന്നു.

ഹില്ലരി ക്ലിന്റണ്‍ എന്ന അതിസമര്‍ത്ഥയും, ഭരണരംഗത്ത് പ്രാഗത്ഭ്യവും, ഒരു നല്ല ഭരണാധികാരിക്കുവേണ്ടതായ എല്ലാ ഗുണങ്ങളുമുള്ള ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്ന് കെയിന്‍ തുടക്കത്തില്‍ ത്തന്നെ വ്യക്തമാക്കി. ട്രമ്പ് സമ്പന്നന്മാരെ മാത്രം പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും, അദ്ദേഹം മെക്‌­സിക്കന്‍സിനെ തരം താഴ്ത്തുന്നവരായാണ് കാണുന്നതെന്നും, അതേസമയം ഹില്ലരി മെക്‌­സിക്കോക്കാരോടും, സാധുക്കളോടും കരുണയുള്ളവളാണെന്നും ട്രമ്പ് ഗവണ്‍മെന്റിനു ടാക്‌­സു കൊടുക്കാത്തവനാണെന്നും അയാള്‍ക്ക് രാജ്യകാര്യങ്ങളെപ്പറ്റി ഒന്നും അറിയാത്തവനാണെന്നും തുടര്‍ച്ചയായി ട്രമ്പിനെ കുറ്റപ്പെടുത്താനാണ് കെയിന്‍ ശ്രമിച്ചതും. കൂടാതെ ട്രമ്പ് പുട്ടിനെ സപ്പോര്‍ട്ടു ചെയ്യുന്ന ആളാണെന്നും പുടിന്‍ കാരണമാണ് സിറിയയില്‍ അമേരിക്കക്ക് ഐഎസ്‌­ഐഎസ്‌­നെ നിയന്ത്രിക്കാന്‍ പറ്റാതെവന്നതെന്നും ഹില്ലരി പ്രസിഡന്റാകുന്ന പക്ഷം മുസ്ലീം രാജ്യങ്ങളിലെല്ലാം സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും കെയിന്‍ പറയുകയുണ്ടായി.

അതേസമയം മൈക്ക് പെന്‍സ് വളരെ ശാന്തമായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുമാത്രം വളരെ ചുരുങ്ങിയ രീതിയില്‍ മറുപടി പറയുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റും നോമിനിയായി തിരഞ്ഞെടുക്കപ്പെട്ട ട്രമ്പ് മറ്റുള്ളവരെപ്പോലെ രാഷ്ട്രീയം തൊഴിലാക്കിയ ഒരു വ്യകത്തി അല്ലെങ്കില്‍ക്കൂടി ശക്തനായ ഒരു ബിസ്സിനസ്സുക്കാരനാണെന്നും, അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിക്കു മാത്രമേ അമേരിക്കയെ പഴയ അവസ്ഥയിലേയ്ക്ക് ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹില്ലരിയും ഒബാമയും അമേരിക്കയെ ഒരു വെല്‍ഫെയര്‍ രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയും, ലോകരാജ്യങ്ങളുടെ മുമ്പില്‍ അമേരിക്കയുടെ വില ഇടിച്ചു താഴ്ത്തുന്നതിന് അതു കാരണമാക്കിയെന്നും, ട്രമ്പിന്റെ നേതൃത്വത്തില്‍ അമേരിക്ക ശക്തമാകുമെന്നും വാദിച്ചു.

ട്രമ്പ് പ്രസിഡന്റായാല്‍ നോര്‍ത്ത് കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി എങ്ങിനെ ഇടപെടും എന്ന ചോദ്യത്തിന് അമേരിക്കയുടെ മിലിറ്ററി പുനഃസംഘടിപ്പിച്ച് നല്ല രീതിയിലുള്ള നയതന്ത്രബന്ധങ്ങളിലൂടെ പ്രശ്‌­നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും, പെന്‍സ് പറഞ്ഞു. ഇറാക്കില്‍ നിന്നും അമേരിക്കയുടെ സൈന്യത്തെ പിന്‍വലിച്ചതു ശരിയായില്ല എന്നും അതിനാലാണ് ഐ.എസ്.ഐ.എസ്. അറബ് രാജ്യങ്ങളില്‍ ശക്തി പ്രാപിക്കാന്‍ കാരണമെന്നും, ഇറാനുമായി ന്യൂക്ലിയര്‍ കരാര്‍ ഉണ്ടാക്കിയതില്‍ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിന് ഉത്തരവാദികള്‍ ഹില്ലരിക്ലിന്റനും ഒബായുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെയിനും പെന്‍സും തമ്മിലുള്ള ഡിബേറ്റ് ഒരു വിധത്തില്‍ പറഞ്ഞാല്‍ മുയലും ആമയും തമ്മിലുള്ള പന്തയത്തോട് ഉപമിക്കാം. ഓട്ടക്കാരനായ മുയല്‍ ഓട്ടത്തില്‍ നിഷ്പ്രയാസം ജയിക്കുമെന്നു കരുതി എങ്കിലും പൊതുവെ ശാന്തപ്രകൃതിയുള്ള ആമ സാവകാശം നടന്ന് ലക്ഷ്യസ്ഥാനത്തെത്തി. മുയലിനെപ്പോലെ എടുത്തു ചാട്ടക്കാരനായ കെയിനെക്കാള്‍ ഡിബേറ്റില്‍ വിജയിച്ചത് ആമയെപ്പോലെ ശാന്തപ്രകൃതിക്കാരനായ മൈക്ക് പൈന്‌­സ് ആണെന്നു ചുരുക്കം.

ഡിബേറ്റ് ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല. അടുത്ത 9­ാം തീയ്യതി ട്രമ്പും ഹില്ലരിയും തമ്മില്‍ രണ്ടാം തവണ വീണ്ടും ഡിബേറ്റിലൂടെ ഏറ്റുമുട്ടുകയാണ്. ആദ്യ ഡിബേറ്റില്‍ ട്രമ്പിന്റെ കഥ കഴിഞ്ഞു എന്നു കരുതിയ പലര്‍ക്കും നാളെ കഴിഞ്ഞ്, അതായത്, ഒക്ടോബര്‍ 9ന്, ന്യൂയോര്‍ക്ക് സമയം വൈകീട്ട് 9 മണിക്ക് മിസ്സോറിയിലെ സെയിന്റ് ലൂയിസിലുള്ള പ്രസിദ്ധമായ വാഷിംഗ്ഡണ്‍ യൂണിവേഴ്‌­സിറ്റിയില്‍ വച്ചു നടക്കുന്ന ഡിബേറ്റിലൂടെ ആരു ജയിക്കും ആരു തോല്‍ക്കും എന്ന് വിധിയെഴുതാന്‍ കഴിഞ്ഞേക്കും.

സി.എന്‍.എന്‍. ന്യൂസിലെ പ്രസിദ്ധ റിപ്പോര്‍ട്ടര്‍ ആയ ആന്‍ഡേഴ്‌­സണ്‍ കൂപ്പറും എ.ബി.സി. ന്യൂസിലെ മാര്‍ത്താ റാഡാസൂമാണ് മോഡറേറ്റര്‍മാര്‍. രണ്ടുപേരും അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും, സിറിയയിലുമെല്ലാം യുദ്ധരംഗത്ത്, തങ്ങളുടെ ജീവന്‍ പണയം വച്ച്, ശത്രുക്കളുടെ പാളയങ്ങളില്‍ വരെ പോയി അവിടുത്തെ സത്യാവസ്ഥകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളവരാണ്. പ്രത്യേകിച്ച് റാഡ് ആസ് ‘ബാഡ് ആസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആരെയും വകവയ്ക്കാത്ത, ഏതുചോദ്യവും ചോദിക്കാന്‍ കഴിവുള്ളവളാണ് എന്നതുകൊണ്ടു തന്നെ ട്രമ്പിനെയും ഹില്ലാരിയെയുമെല്ലാം തൊലിയൂരിയാന്‍ സാദ്ധ്യതയുണ്ട്. ഒരു ടൗണ്‍ഹാള്‍ മീറ്റിംഗ് പോലെയുള്ള ഡിബേറ്റ് ആയതിനാല്‍ ഈ ഡിബേറ്റിന് വളരെ പ്രാധാന്യമുണ്ട്. ഹാളില്‍ ഹാജരായിരിക്കുന്നവര്‍ക്ക് പ്രസിഡന്‍ഷ്യല്‍ കാന്‍ഡിഡേറ്റസിനോട് ചോദ്യങ്ങളും ചോദിക്കാന്‍ അവസരമുണ്ട്.

രാഷ്ട്രീയത്തില്‍ തല്‍പരരായ എല്ലാ അമേരിക്കന്‍ മലയാളികളും ഈ ഡിബേറ്റ് കാണേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.