കാമുകിയെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

12:11 pm 18/11/2016

– പി.പി. ചെറിയാന്‍
Newsimg1_27390366
ജോര്‍ജിയ : മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സ്റ്റീവന്‍ സ്പിയേഴ്‌സിന്റെ (54) വധശിക്ഷ ബുധനാഴ്ച വൈകിട്ട് ജോര്‍ജിയ ജാക്‌സന്‍ പ്രിസണില്‍ നടപ്പാക്കി. 2001 ഓഗസ്റ്റ് 25 നായിരുന്നു മുന്‍ കാമുകി ഷെറി ഹോള്‍ ലാന്റിനെ(34) ലംപ്കിന്‍ കൗണ്ടിയിലുളള വീട്ടില്‍വെച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ഡേറ്റിങ്ങ് നടത്തിയ സംശയത്തിന്മേലായിരുന്നു കൊലപാതകം.

കൈകാലുകള്‍ ടേപ്പു കൊണ്ടു ബന്ധിച്ചു കൊല നടത്തുന്നതിനിടെ അവസാനമായി ഷെറി പറഞ്ഞത് ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞിരുന്നു. 2007ല്‍ വധശിക്ഷയ്ക്കു വിധിച്ചത് 2015ല്‍ സ്ഥിരപ്പെടുത്തി.

മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു അഞ്ചു നിമിഷങ്ങള്‍ക്കുളളില്‍ മരണം സ്ഥിരീകരിച്ചു. 2016ല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് ജോര്‍ജിയ സംസ്ഥാനമാണ്. വധശിക്ഷയില്‍ എന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടെക്‌സസില്‍ 7 പേര്‍ മാത്രമാണ് ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഈ വര്‍ഷം അമേരിക്കയില്‍ ആകെ 18 വധശിക്ഷകളാണ് നടപ്പാക്കിയത്. വിഷം കുത്തിവെച്ചു നടത്തുന്ന വധശിക്ഷ പ്രാകൃതമാണെന്നും നിര്‍ത്തലാക്കണമെന്നും ശക്തമായ ആവശ്യം അമേരിക്കയില്‍ ഉയരുന്നു.