കാലം ചെയ്ത മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്കാരം ബുധനാഴ്ച

11:33am 12/7/2016

Newsimg1_57299332
ഇരിങ്ങാലക്കുട :കാലംചെയ്ത മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്കാരം ബുധനാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ കപ്പേളയില്‍ നടക്കും. ഉച്ചയ്ക്കു രണ്ടിനു സംസ്കാര ശുശ്രൂഷകള്‍ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപതയെ 32 വര്‍ഷം നയിച്ച മാര്‍ ജയിംസ് പഴയാറ്റില്‍ കരളിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കാലംചെയ്തത്. 1978ല്‍ രൂപീകൃതമായ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായിരുന്നു. 2010 ഏപ്രില്‍ 18നു സ്ഥാനമൊഴിഞ്ഞശേഷം സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ­ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോയ് ആലപ്പാട്ട് തുടങ്ങിയവര്‍ സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 7.30നു പുറത്തെടുക്കും. പ്രാര്‍ഥനകള്‍ക്കുശേഷം രാവിലെ പത്തു മുതല്‍ 10.30 വരെ ഈസ്റ്റ് പുത്തന്‍ചിറയിലെ പഴയാറ്റില്‍ ഡോ. സണ്ണിയുടെ ഭവനത്തിലും തുടര്‍ന്ന് ഈസ്റ്റ് പുത്തന്‍ചിറ ഇടവക ദേവാലയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും.

പന്ത്രണ്ടിനു പുത്തന്‍ചിറ പള്ളിയില്‍നിന്നു രൂപതാ ഭവനത്തിലെത്തിക്കുന്ന മാര്‍ ജയിംസ് പഴയാറ്റിലിന്റെ ഭൗതികശരീരം 1.30 മുതല്‍ രണ്ടു വരെ രൂപതാ ഭവനത്തിലും രണ്ടു മുതല്‍ 3.30 വരെ അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്ന സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. സെമിനാരിയിലെ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ഥനകള്‍ക്കുംശേഷം നാലിനു സെന്റ് തോമസ് കത്തീഡ്രലില്‍ കൊണ്ടുവരും. തുടര്‍ന്നു കത്തീഡ്രല്‍ അങ്കണത്തില്‍ പൊതുദര്‍ശനം.

നാളെ ഉച്ചയ്ക്കു രണ്ടോടെ സംസ്കാരശുശ്രൂഷ ആരംഭിക്കും. കുര്‍ബാനയ്ക്കും നഗരികാണിക്കലിനുംശേഷം കത്തീഡ്രല്‍ ദേവാലയത്തിലെ കപ്പേളയിലെ കല്ലറയില്‍ മാര്‍ ജയിംസ് പഴയാറ്റിലിന്റെ അന്ത്യവിശ്രമം. തുടര്‍ന്നു കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം ചേരും. പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടി– മറിയം കുട്ടി ദമ്പതികളുടെ മകനായി 1934 ജൂലൈ 26നു ജനിച്ച അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തോപ്പ് സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലും പുണെയിലുമായി വൈദിക പരിശീലനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. 1961ല്‍ പൗരോഹിത്യം സ്വീകരിച്ചു. ദീര്‍ഘകാലം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഇംഗ്‌ളിഷ് പ്രഫസര്‍ ആയി സേവനം ചെയ്തു.