കാഷ്മീരിൽ വീണ്ടും സ്കൂൾ കത്തിച്ചു; മൂന്നു മാസത്തിനിടെ 25മത് സ്കൂൾ

02.14 AM 31/10/2016
School_3010
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം തുടരുന്നു. ഞായറാഴ്ച ഒരു സ്കൂൾകൂടി അക്രമികൾ അഗ്നിക്കിരയാക്കി. അനന്ത്നാഗ് ജില്ലയിലെ ജവഹർ നവോദയ വിദ്യാലയമാണ് അക്രമികൾ തീവച്ചുനശിപ്പിച്ചത്. മൂന്നു മാസത്തിനിടെ കാഷ്മിരിൽ അഗ്നിക്കിരയാക്കുന്ന 25മത് സ്കൂളാണ് ഇത്. ശ്രീനഗറിനടുത്ത ഗോരിപുരയിൽ പെൺകുട്ടികൾക്കായുള്ള സർക്കാർ സ്കൂൾ കഴിഞ്ഞദിവസം അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് 5000ൽ അധികം കുട്ടികളുടെ പഠനമാണ് പെരുവഴിയിലായിരിക്കുന്നത്.

സ്കൂളുകൾ കത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനോ സ്കൂളുകൾ കത്തിക്കുന്നത് തടയാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. എല്ലാ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഹയർ സെക്കൻഡറി സ്കൂളുകൾ, ഹൈസ്കൂളുകൾ, മിഡിൽ, പ്രൈമറി സ്കൂൾ, ജവഹർ നവോദയാ വിദ്യാലയം എന്നിവയാണ് തകർക്കപ്പെട്ടത്. അതിർത്തി ഗ്രാമങ്ങളിലെ സ്കൂളുകൾക്കുനേരെയാണ് തീവയ്പും ബോംബ് ആക്രമണങ്ങളും നടക്കുന്നത്. അഫ്ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരർ സ്കൂളുകൾക്കു നേർക്ക് ആക്രമണം നടത്തിയിരുന്ന അതേ മാതൃകയിലാണ് കാഷ്മീരിലും ഭീകരർ സ്കൂളുകൾ ലക്ഷ്യമാക്കുന്നത്.

ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്നാണ് ജമ്മു കാഷ്മീരിൽ സംഘർഷം ഉടലെടുത്തത്. 112 ദിവസമായി കാഷ്മീരിൽ തുടരുന്ന സംഘർഷങ്ങളിൽ 92 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.