07:20 am 3/6/2017
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തൊണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സർക്കാർ വിരുദ്ധ താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രതിഷേധ റാലിയിൽ ഉയർന്നു. പ്രസിഡന്റിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. പ്രകടനത്തിനു നേരെ പോലീസ് ടിയർ ഗ്യാസുകളും ജലപീരങ്കിയും പ്രയോഗിച്ചു. കൊല്ലപ്പെട്ടവരിൽ പ്രതിപക്ഷ കക്ഷിയിലെ പ്രമുഖനായ നേതാവിന്റെ മകനുമുണ്ടെന്ന് പറയുന്നു. ഏഴു പേർ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.