07:34 am 5/6/2017
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരാക്രമണം.ബന്ദിപ്പോരയിലെ സുന്പാൽ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു.
സിആർപിഎഫ് 45-ാം ബറ്റാലിയന്റെ ക്യാന്പിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ഭീകരർക്കെതിരെയുള്ള പോരാട്ടം പത്തു മിനിറ്റോളം നീണ്ടു എന്നാണ് റിപ്പോർട്ട്. ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം സൈന്യം ഒഴിപ്പിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് സൈന്യം തെരച്ചിൽ നടത്തുകയാണ്.

