കിളിമാനൂര്‍ രാജകുടുംബാംഗം രവിവര്‍മ്മ തമ്പുരാന്‍ എടത്വാ ജലോത്സവത്തില്‍ മുഖ്യാതിഥി

10:26AM 8/8/2016

Newsimg1_16691129
എടത്വ: 30 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സെപ്റ്റംബര്‍ 24 ന് എടത്വായില്‍ വള്ളംകളി പുന:ര്‍ജനിക്കുന്നു. രാജാ രവിവര്‍മ്മയുടെ പിന്‍തലമുറക്കാരനും കിളിമാനൂര്‍ രാജ കുടുംബാംഗവും പ്രശസ്ത സംഗീതജ്ഞനും ആയ രവിവര്‍മ്മ തമ്പുരാന്‍ എടത്വാ ജലോത്സവത്തില്‍ മുഖ്യ അതിഥി ആയി പങ്കെടുക്കും. കൊച്ചു വള്ളങ്ങളുടെ മത്സരം അന്വമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് പ്രാധാന്യം നല്‍കി എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 നു എടത്വാ ജലോത്സവം നടത്തുന്നു.

ഒരു തുഴ മുതല്‍ 5 തുഴ വരെയുള്ള വള്ളങ്ങള്‍, ചുരുളന്‍ വള്ളങ്ങള്‍ എന്നിവയുടെ മത്സരങ്ങള്‍ നടക്കും. ദേശിയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ജേതാക്കളുടെ നേതൃത്വത്തില്‍ കാനോ യിങ്ങ് കയാകിംഗ് പ്രദര്‍ശന തുഴച്ചില്‍, കുട്ടികളുടെ നീന്തല്‍ മത്സരം എന്നിവയുണ്ടായിരിക്കും. പ്രസിഡന്റ് ബില്‍ബി കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എടത്വാ ജലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. സിനു രാധേയം (ചെയര്‍മാന്‍) , ജയന്‍ ജോസഫ് പുന്നപ്ര (ജനറല്‍ കണ്‍വീനര്‍) ,. കെ. ബേബി (ജനറല്‍ കോര്‍ഡിനേറ്റര്‍), കെ. തങ്കച്ചന്‍, ബിനു ദാമോദരന്‍, ബിനോയി ഉലക്കപ്പാടി, ഷിബു തായങ്കരി, അജേഷ് കുമാര്‍, (കണ്‍വീ നേഴ്‌സ്), ടോം ജെ. കൂട്ടക്കര (പബ്ലിസിറ്റി) ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള (ഫിനാന്‍സ്).

ടൗണ്‍ ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനോദ്ഘാടനം ബഹു. ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു ടി. തോമസ് ആഗസ്റ്റ 24 ന് ബുധനാഴ്ച മൂന്നു മണിക്ക് നിര്‍വ്വഹിക്കും.

ടൗണ്‍ ബോട്ട് ക്ലബിന്റെ തീരുമാനം എടത്വാ പൗരാവലിയും വ്യാപാരി വ്യവസായികളും ആവേശത്തോടെയാണു സ്വീകരിക്കുന്നത്. എടത്വായുടെ നഷ്ടപ്പെട്ട പ്രതാപങ്ങള്‍ ഓരോന്നായി തിരിച്ചു കൊണ്ടു വരുവാനുള്ള ക്ലബിന്റെ ശ്രമങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്.എടത്വായുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു എടത്വാ പഞ്ചായത്തു ആരംഭിച്ചിരിക്കുന്ന എടത്വാ വിഷന്‍ 2020 ന്റെ ആഭിമുഖ്യത്തില്‍ എടത്വാ പബ്‌ളിക് ലൈബ്രറിയുടെ നിര്‍മ്മാണത്തിനും തുടക്കമായി.

ടൗണ്‍ ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നിരവധി സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വാര്‍ഡുകള്‍ തോറും യൂണിറ്റുകള്‍ രൂപീകരിച്ച് അര്‍ഹരായ നിരാലംബരെ കണ്ടെത്താനാണ് ലക്ഷ്യം.