കുഞ്ഞികവിതകളുടെ കുട്ടുകാരന്റെ ഒര്‍മ്മയായിട്ട് ഒരു ദശാബ്ദം

09:30am 22/3/2016

കെ.പി വൈക്കം
download
കുഞ്ഞിക്കവിതകളുടെ കൂട്ടുകാരന്‍ ഈ കുഞ്ഞുലോകത്തുനിന്ന് വിടപറഞ്ഞിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. കുട്ടിക്കവിതകളിലൂടെ കുരുന്നുകളുടെ മനസില്‍ അറിവ് പകര്‍ന്ന കുഞ്ഞുണ്ണിമാഷിന്റെ പത്താം ചരമവാര്‍ഷികമാണ് മാര്‍ച്ച് 26ന്.
മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തില്‍ത്തന്നെ പ്രകടമായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായി കുട്ടികള്‍ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ല്‍കോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.
കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.
കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പ് നേര്‍ത്തതാണ്. അതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ കുട്ടികള്‍ മാഷെ തേടിയെത്തുക പതിവായിരുന്നു.
കുഞ്ഞുണ്ണിമാഷിന്റെ ചില കുഞ്ഞിക്കവിതകള്‍

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!

ഉണ്ടാല്‍ ഉണ്ടപോലിരിക്കണം
ഉണ്ടാല്‍ ഉണ്ട പോലിരിക്കരുത് ..!

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം

ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല

വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക..!