കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി – ശനി ദിവസങ്ങളില്‍

08:44 pm 15/6/2017

കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രല്‍ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്.

അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കുന്ന വി. കുര്‍ബ്ബാനയില്‍ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാര്‍മ്മികരായിരിക്കും. തുടര്‍ന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് സീറോ മലബാര്‍ സഭാധ്യക്ഷന്‍ അഭി. കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.