കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്

09:38AM 26/6/2016
Newsimg1_58712136
കെന്റക്കി: ലോകത്തില്‍ എവിടെയും സമാധാനത്തിന്റേയും സേവനത്തിന്റേയും അംബാസിഡര്‍മാരായിരിക്കുവാന്‍ യോഗ്യത നല്‍കുന്ന ഫെല്ലോഷിപ്പായ “ദി ഓണറബിള്‍ ഓണര്‍ ഓഫ് കെന്റക്കി കേണല്‍’ അവാര്‍ഡിന് ഫാ. ജോസഫ് (ബേബി) ഷെപ്പേര്‍ഡ് സി.എം.ഐ അര്‍ഹനായി.

ഗവര്‍ണ്ണറും സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പുവെയ്ക്കുന്ന കെന്റക്കിയുടെ സീല്‍ പതിഞ്ഞ ഈ അവാര്‍ഡ് മുമ്പ് ലഭിച്ചവരില്‍ പ്രമുഖര്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

തൃശൂര്‍ ജില്ലയിലെ എരനല്ലൂര്‍ ഗ്രാമത്തില്‍ ഔസേഫ്- മറിയം ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ഫാ. ബേബി ഷെപ്പേര്‍ഡ്, 1989 മെയ് ഒമ്പതിനു സി.എം.ഐ സന്യാസ സഭയില്‍ വൈദീകനായി. തുടര്‍ന്ന് ഐക്കഫിന്റെ ഡയറക്ടറായും, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ചാപ്ലയിനായും, എറണാകുളം ചാവറ കള്‍ച്ചറള്‍ സെന്ററിന്റെ ഡയറക്ടറായും, കലാ-സാംസ്കാരിക- ആദ്ധ്യാത്മിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. ഷെപ്പേര്‍ഡ് 2000-ലാണ് അമേരിക്കയില്‍ എത്തിയത്. നാഷ്‌വില്‍, കവിങ്ടണ്‍ രൂപതകളില്‍ സേവനം അനുഷ്ഠിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുവാന്‍ ഒരുങ്ങിയിരിക്കവെയാണ് അദ്ദേഹത്തെ ഈ അവാര്‍ഡ് തേടിയെത്തിയത്.