കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ.

09:06 am 25/9/2016

images (4)

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്തി കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ. ശനിയാഴ്ച ഹൈകമാന്‍ഡ് പ്രതിനിധികളായ എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗം ഉച്ചക്ക് 12ന് ആരംഭിച്ച് രാത്രി വൈകിയും തുടരുകയാണ്.
രാഷ്ട്രീയ പകപോക്കലിന് ഇനി ബാബുവിനെ വിട്ടുകൊടുക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്. വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി എതിര്‍ക്കില്ല. ഇതുവരെ ബാബുവിനെതിരെ ഒരുതെളിവും ലഭിക്കാത്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബാബുവിന്‍െറ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് ചിലര്‍ വിമര്‍ശിച്ചു.
വിജിലന്‍സ് അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍തന്നെ പാര്‍ട്ടി സംരക്ഷണം നല്‍കണമായിരുന്നെന്ന് ബെന്നി ബഹനാന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. ജോസഫ്, പി.സി. ചാക്കോ എന്നിവര്‍ വാദിച്ചു. ഗ്രൂപ്പിന് അതീതമായി ഈ വികാരമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. മദ്യലോബിയുടെ ഇംഗിതപ്രകാരം നടക്കുന്ന അന്വേഷണത്തിന് പാര്‍ട്ടി വഴങ്ങരുത്. ഒരു സാധാരണ പ്രവര്‍ത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെ.പി.സി.സി പ്രസിഡന്‍റ് ഈ വിഷയത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
പാര്‍ട്ടി പുന$സംഘടനയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ഉണ്ടായത്. എന്നാല്‍, നിലവിലെ 14 ഡി.സി.സി പ്രസിഡന്‍റുമാരെയും അടിയന്തരമായി മാറ്റാന്‍ ധാരണയായി. പകരക്കാര്‍ക്ക് പ്രായപരിധി ഉണ്ടാവില്ല. ഇവരുടെ യോഗ്യത ഉള്‍പ്പെടെ കാര്യങ്ങള്‍ എ.ഐ.സി.സി നിശ്ചയിക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യമാണ് എ ഗ്രൂപ് നേതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍, എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാവില്ളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതല്ളെങ്കില്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ എ.ഐ.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അച്ചടക്കസമിതി രൂപവത്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന ധാരണ യോഗത്തിനു മുമ്പുതന്നെ നേതാക്കള്‍ കൈക്കൊണ്ടിരുന്നു.