കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

10.59 PM 06-07-2016
Rajendra_Kumar_1140x490
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. സിബിഐ കസ്റ്റഡിയില്‍ 48 മണിക്കൂര്‍ പിന്നിട്ടതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
രാജേന്ദ്ര കുമാറടക്കം അറസ്റ്റിലായ അഞ്ചുപേരെയും സിബിഐ കോടതി അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണു പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. രാജേന്ദ്ര കുമാര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാജേന്ദ്ര കുമാറിനെ ഇപ്പോള്‍ മാത്രം അറസ്റ്റ് ചെയ്തതെന്താണെന്നു കോടതി ചോദിച്ചു. കേസ് 2015 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇപ്പോള്‍ മാത്രമാണു രാജേന്ദ്രകുമാറിനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഇതിന്റെ സാംഗത്യമാണു കോടതി ചോദ്യംചെയ്തത്. രാജേന്ദ്ര കുമാര്‍ ഉന്നത സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെങ്കില്‍ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ 50 കോടി രൂപയുടെ അഴിമതിക്കേസില്‍ തിങ്കളാഴ്ചയാണ് സിബിഐ അറസ്റ്റ്‌ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സര്‍ക്കാരില്‍നിന്നു കരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യകമ്പനികളെ സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. 2007 മുതല്‍ 2014 വരെ 9.5 കോടി രൂപയുടെ കരാറുകള്‍ സ്വകാര്യ കമ്പനിക്കു നേടിക്കൊടുത്തു എന്നാണു വിവരം. ഇതിനു പുറമേ ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട് 2.46 കോടിയുടെ കരാര്‍ ഇന്റലിജന്റ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്ന കമ്പനിക്കു നേടിക്കൊടുത്തു. കരാര്‍ ലഭിച്ച പല കമ്പനികളുടെയും ബിനാമിയും ഉടമയുമാണ് രാജേന്ദ്ര കുമാര്‍ എന്നും സിബിഐ പറയുന്നു.