കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ശിവസേനയ്ക്ക് അതൃപ്തി.

11:55am 05/7/2016
download (5)

മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ പദവി ലഭിക്കുന്നതിനായി ശിവസേന ആരോടും യാചിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഞങ്ങളുടേത് സ്വയം ബഹുമാനവും മാന്യതയുള്ള പാര്‍ട്ടിയാണ്. ഞങ്ങള്‍ ഒന്നിനായും അഭ്യര്‍ഥിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല. കേന്ദ്രമന്ത്രിസഭയിലെ പദവിയെന്നത് അപ്രധാനമായ കാര്യമാണ്. യാചനയുമായി ആരുടേയും വാതിലില്‍ മുട്ടില്ലെന്നും താക്കറെ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കുമെന്നാണ് സൂചന.

നിലവില്‍ അനന്ത് ഗീതെ മാത്രമാണ് ശിവസേന പാര്‍ട്ടിയില്‍ നിന്ന് കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത്. ഇതിനാല്‍ ഒരു സ്ഥാനം കൂടി ലഭിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) അധ്യക്ഷന്‍ രാംദാസ് അതവാലെക്ക് മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷി എന്ന നിലയില്‍ കേന്ദ്ര മന്ത്രിസഭയില്‍ പദവി ലഭിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.