കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ

08:56 am 23/09/2016
download

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാംഗത്തിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരംഗം ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളുള്ള പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്നാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
പെണ്‍വാണിഭ റാക്കറ്റില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രമുഖ നേതാവായ മന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ തന്‍െറ പക്കലുണ്ടെന്നും അതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ജി.ബി. റോഡിലെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ എട്ടും പത്തും വയസ്സു മാത്രമുള്ള പെണ്‍കുട്ടികളെയാണ് ബലാത്സംഗം ചെയ്യുന്നത്. ഇവരെ ലേലം ചെയ്തു വില്‍ക്കുകയാണ്.
ഒരു ദിവസം മുപ്പത് ആളുകള്‍ക്കൊപ്പം ശയിക്കാന്‍പോലും ഈ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. അനധികൃത കേന്ദ്രങ്ങള്‍ പൊളിക്കണമെന്ന് ഡല്‍ഹി നഗരസഭയോട് പലകുറി ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. ഇത് പല ഉന്നതരും ചേര്‍ന്നുള്ള കൂട്ടുവ്യവസായമാണ്. ഈ കേന്ദ്രങ്ങളുടെ പിന്നിലാരെന്ന അന്വേഷണം നടത്തിയതിനാണ് അഴിമതി വിരുദ്ധ സംഘം (എ.സി.ബി) മുഖേന തനിക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയത്. വൈകാതെ തന്നെ അറസ്റ്റു ചെയ്യിക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്നും കാണിച്ച് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സ്വാതി മലിവാള്‍ പറഞ്ഞു.