കേരളത്തനിമ­യാര്‍ന്ന മാപ്പിന്റെ ഓണാഘോഷം

09:04 am 16/9/2016

Newsimg1_20198119
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നന്‍ വേദിയിലെത്തി ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിര വേദിയില്‍ അരങ്ങേറി.

മാപ്പ് പ്രസിഡന്റ് ഏലിയാസ് പോളിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ മുഖ്യാഥിതിയായിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണ കിഷോര്‍ ഓണസന്ദേശം നല്‍കി. ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാചിറ, നിയുക്ത ജനറല്‍ സെക്രട്ടറി ജിബി തോമസ്, നിയുക്ത സെക്രട്ടറി വിനോദ് കോണ്ടൂര്‍, നിയുക്ത റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ തുടങ്ങിയ നേതാക്കളും ഫിലഡല്‍ഫിയയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്­കാരിക നായകരും യോഗത്തില്‍ പങ്കെടുത്ത്­ ആശംസകള്‍ അറിയിച്ചു. സമ്മേളനത്തിന് മാപ്പിന്റെ വൈസ് പ്രസിഡന്റ് ദാനിയേല്‍ തോമസ്­ സ്വാഗതവും സെക്രട്ടറി സിജു ജോണ്‍ നന്ദിയും അര്‍പ്പിച്ചു. മാപ്പിന്റെ ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം തോമസ് എം. ജോര്‍ജ് എന്നിവര്‍ എംസികളായിരുന്നു.

മാപ്പിന്റെ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് കൃഷ്ണ കിഷോറിനും മികച്ച സംഘടനാ സേവനത്തിനുള്ള അവാര്‍ഡുകള്‍ ദാനിയേല്‍ പി. തോമസ്, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കും യോഗത്തില്‍ വച്ച് സമ്മാനിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വര്‍ണ്ണ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ഡാന്‍സ് മാസ്റ്റര്‍ ബേബി തടവിനാലിന്റെ ശിഷ്യത്വത്തില്‍ മാതാ ഡാന്‍സ് അക്കാഡമിയിലെ കലാകാരികള്‍, കൂടാതെ ദിയ ചെറിയാന്‍, സാറ ബാബു, ജെനി വര്‍ക്കി, ഡോ. ആനി മാത്യു, റേച്ചല്‍ തോമസ്, എന്നിവര്‍ അവതരിപ്പിച്ച വിവധ നൃത്ത­നൃത്യങ്ങള്‍, കെവിന്‍ വര്‍ഗീസ്, ശ്രീദേവി അജിത്കുമാര്‍, പ്രിയ, ജെയിംസ് ചാക്കോ, തോമസ് കുട്ടി വര്‍ഗീസ്, ജോസ് വര്‍ക്കി തുടങ്ങിയ അനുഗ്രഹീത ഗായകര്‍ നയിച്ച ഗാനമേള, ജോര്‍ജുകുട്ടി ജോര്‍ജ് അവതരിപ്പിച്ച കോമഡി സ്കിറ്റ്, തുടങ്ങിയവ കലാപരിപാടികള്‍ക്ക് മിഴിവേകി. സിജു ജോണ്‍, സിബി ചെറിയാന്‍ എന്നിവര്‍ സാംസ്കാരിക പരിപാടികളുടെ എംസി ആയി പ്രവര്‍ത്തിച്ചു.

ലിസി തോമസ്, ലിസി കുര്യാക്കോസ്, ലിന്‍സി ജോണ്‍, ഷേര്‍ലി സാബു, ജോളി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മാപ്പ് വിമന്‍സ് ഫോറം ഒരുക്കിയ ഓണപൂക്കളം ശ്രദ്ധയാകര്‍ഷിച്ചു. സ്റ്റാന്‍ലി ജോണ്‍, ആകാശ് സ്റ്റാന്‍ലി, തോമസ് ചാണ്ടി, ബിനില്‍, ജിത്തു, തോമസ് ഒ. എബ്രഹാം, ജോര്‍ജുകുട്ടി ജോര്‍ജ്, ജോസഫ് കുരിയാക്കോസ്, ഫിലിപ്പ് ജോണ്‍, ജോസ് വര്‍ക്കി തുടങ്ങിയ മാപ്പിന്റെ അംഗങ്ങള്‍ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. ക്രിസ്റ്റി ജെറാള്‍ഡ്, ഡോ. ആനി മാത്യു, ബിനു ആന്‍ മാത്യു, ശ്രീദേവി അജിത്കുമാര്‍, സിര്‍ളി ജീവന്‍, നമിത ജോഷ്വ, സജിത ജോസഫ്, മെറിന്‍ ബേബി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര കേരളത്തനിമ വിളിച്ചോതുന്നതായി.

പ്രസിഡന്റ് ഏലിയാസ് പോള്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാപ്പിന്റെ നാല്‍പ്പതോളം വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികള്‍ ഗംഭീരമാകുവാന്‍ അഹോരാത്രം പ്രയത്‌നി­ച്ചു.