കേരളത്തില്‍ നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

01:03pm 25/2/2016

download

കൊച്ചി: കേരള വ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ഇന്നു പമ്പുകളില്‍ കരിദിനം ആചരിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോള്‍ നിറയ്ക്കാന്‍ വൈകി എന്നാരോപിച്ച് പെട്രോള്‍ പമ്പുടമ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യൂവല്‍സ് ഉടമ ശങ്കരമംഗലം മുരളീധരന്‍ നായരെ (55) രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുരളീധരന്‍ നായര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.