കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിലേക്ക്

09:30 AM 19/09/2016
images (5)
കൊച്ചി: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ 40 ശതമാനത്തില്‍ കുറവ് വെള്ളം മാത്രമാണുള്ളത്. ഒപ്പം പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉടക്കുന്നതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.
പുറമെനിന്ന് വൈദ്യുതി വാങ്ങാനാകുന്നില്ളെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

തുലാവര്‍ഷത്തെ മാത്രം ആശ്രയിച്ച് പോകാനാകില്ളെന്ന് കണ്ടതോടെ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ റെഗുലേറ്ററി കമീഷന്‍ തിരിച്ചയച്ചു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് കമീഷന്‍ തേടിയതോടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച കോര്‍കമ്മിറ്റി വീണ്ടും ചേരും. സര്‍ക്കാറിനെ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി ബോര്‍ഡ് ഡയറക്ടര്‍ സി.വി. നന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏറ്റുമുട്ടലിനില്ളെങ്കിലും ജനങ്ങള്‍ ഇരുട്ടിലാകാതിരിക്കാന്‍ കമീഷനെ മറികടന്നിട്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. തുലാവര്‍ഷംകൂടി കണക്കിലെടുത്ത ശേഷം നഷ്ടം സഹിച്ച് പുതിയ കരാറുണ്ടാക്കിയിട്ടായാലും പുറമെനിന്ന് വൈദ്യുതി വാങ്ങാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറിലും നവംബറിലും പ്രതീക്ഷിക്കുന്ന തുലാമഴ ലഭിച്ചാല്‍ കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പിടിച്ചുനില്‍ക്കാം. എന്നിരുന്നാലും ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കിയ വാങ്ങല്‍ ഒഴിവാക്കാന്‍ കഴിയില്ല. ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് ആലോചിച്ചെടുത്ത നടപടിയാണിതെന്നും നന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ ദിനേന 61 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളത്തിന്‍െറ ശരാശരി ഉപഭോഗം. ഞായറാഴ്ചത്തെ ഉപഭോഗം 62.329 ദശലക്ഷം യൂനിറ്റാണ്. 15.735 ദശലക്ഷം ആഭ്യന്തര ഉല്‍പാദനം വഴിയും 46.5879 ദശലക്ഷം യൂനിറ്റ് പുറമെനിന്നുള്ള വൈദ്യുതിയും. എന്നാല്‍, പുറമെനിന്നുള്ള വൈദ്യുതിക്ക് നിയന്ത്രണം വന്നതോടെ 1470 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഇതത്തേുടര്‍ന്നാണ് ബോര്‍ഡ് മാനേജ്മെന്‍റ് അടിയന്തര യോഗം ചേര്‍ന്ന് പ്രതിസന്ധി സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍, കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് കമീഷന്‍െറ ന്യായം.

അടുത്ത 25 വര്‍ഷത്തേക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങാനുള്ള 865 മെഗാവാട്ടിന്‍െറ ദീര്‍ഘകാല കരാറിലെ 565 മെഗാവാട്ടിന്‍െറ കരാറാണ് കമീഷന്‍ തടഞ്ഞത്. ആകെ വേണ്ട വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദനം. കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതിയാണ് പിന്നെ പ്രധാന ആശ്രയം. എന്നാല്‍, വേനല്‍ക്കാലത്ത് കേന്ദ്ര വിഹിതത്തില്‍ കുറവ് വരുമ്പോഴും സ്വകാര്യ വൈദ്യുതി കമ്പനികളുമായി കരാറുണ്ടാക്കാന്‍ കഴിയാതെ വരുമ്പോഴുമാണ് സംസ്ഥാനം പ്രതിസന്ധിലാകുന്നത്.