കേസില്‍ പങ്കില്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാര്‍: ദിലീപ്

08:09 am 27/6/2017

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം ആവര്‍ത്തിച്ച് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ പിന്തുണച്ച അജു വര്‍ഗീസിനും സലിം കുമാറിനും നന്ദിയറിയിച്ചു കൊണ്ടാണ് ദിലീപ് പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് ഒരു കേസിലും പങ്കില്ല. തന്റെ ഇമേജ് തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് ദിലീപ് പറയുന്നു. തന്റെ പുതിയ സിനിമയായ രാമലീലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് കുറിച്ചു.
നിരപരാധിത്വം തെളിയിക്കാനായി ബ്രെയിന്‍ മാപ്പിങ്ങിനോ നുണ പരിശോധനക്കോ നാര്‍കോ അനാലിസിസ് ടെസ്റ്റിനോ എന്തിനും തയ്യാറാണെന്നും ദിലീപ് പോസ്റ്റിലൂടെ പറയുന്നു. തന്നെ തേജോവധം ചെയ്യാന്‍ ചില മഞ്ഞപത്രങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെന്നും ദിലീപ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സലിംകുമാറിനും, അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ .പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു, ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചര്‍ച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു.
ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല, സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോനാലിസിസ്സ്, ടെസ്‌റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.