കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ച ഇന്ന്

08:21 AM 24/11/2016
images (1)
തിരുവനന്തപുരം: സഹകരണവിഷയത്തിലെ പ്രക്ഷോഭം സംബന്ധിച്ച് ഭിന്നത ശക്തമായിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ്നേതാക്കളുമായി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച അവസാനചര്‍ച്ചക്കാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെങ്കിലും കറന്‍സി പിന്‍വലിക്കലും സഹകരണമേഖലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ വിഷയമാകും. വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഏതാനും ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ ആരെ നിയമിക്കണമെന്ന് ഹൈകമാന്‍ഡ് തീരുമാനിക്കും. പുതിയ ജില്ലഅധ്യക്ഷന്മാരുടെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന.

കറന്‍സി പിന്‍വലിക്കലിനെതുടര്‍ന്നുള്ള സഹകരണരംഗത്തെ പ്രതിസന്ധിക്ക് പരിഹാരംതേടി ഡല്‍ഹിയിലടക്കം ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സമരം നടത്തുന്നുവെന്നിരിക്കെ അതിനെതിരായ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിലപാട് ശരിയല്ളെന്നാണ് മറ്റ് രണ്ടുനേതാക്കളുടെയും അഭിപ്രായം. അക്കാര്യം അവര്‍ രാഹുലിനെ അറിയിക്കും. മാത്രമല്ല, ഇക്കാര്യത്തില്‍ സുധീരന്‍െറ നിലപാടിനോട് ഘടകകക്ഷികള്‍ക്കുള്ള ശക്തമായ വിയോജിപ്പും ധരിപ്പിക്കും. പ്രശ്നത്തില്‍ സുധീരന്‍ പരസ്യമായി സ്വീകരിച്ച നിലപാട് മുന്നണിയുടെ കെട്ടുറപ്പ് തകര്‍ക്കുന്നതാണെന്ന വികാരവും രാഹുലുമായി പങ്കുവെക്കും.

അതേസമയം, പ്രശ്നത്തില്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് സമരത്തിന് പോകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നാണ് സുധീരന്‍െറ നിലപാട്. മാത്രമല്ല, സംയുക്തസമരം ഒത്തുകളി രാഷ്ട്രീയമായി ചൂണ്ടിക്കാട്ടി ബി.ജെ.പി മുതലെടുക്കുമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കും. ഇരുപക്ഷവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഹൈകമാന്‍ഡ് നിര്‍ദേശം പ്രാധാന്യമര്‍ഹിക്കുന്നു.