08:03 am 22/4/2017
ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കൊണ്ടുപോയ കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി. രത്നം തിരിച്ചെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തിെൻറ കൈവശമുള്ള വസ്തുവകകൾ സംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. അവ ലേലം ചെയ്യുന്നത് തടയാനും സാധിക്കില്ല. അമേരിക്കയുടെയും ബ്രിട്ടെൻറയും കൈവശമുള്ള വസ്തുക്കൾ തിരിച്ചെത്തിക്കണമെന്നാശ്യപ്പെട്ടുള്ള ഇത്തരം റിട്ട് ഹരജികളിൽ പരമോന്നത നീതിപീഠം ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഒാൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട്, ഹെറിറ്റേജ് ബംഗാൾ എന്നീ സംഘടനകളാണ് കോഹിനൂർ തിരിച്ചെത്തിക്കാൻ കഴിഞ്ഞവർഷം റിട്ട് ഹരജി ഫയൽ ചെയ്തത്. 1947ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, അധികാരത്തിൽ വന്ന സർക്കാറുകളൊന്നും കോഹിനൂർ രത്നം തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് സംഘടനകൾ ഹരജിയിൽ ബോധിപ്പിച്ചു. ബ്രിട്ടീഷ് സർക്കാറുമായി ഇക്കാര്യത്തിൽ സാധ്യമായ വഴികളിലെല്ലാം ബന്ധപ്പെടുന്നുവെന്ന് വിഷയത്തിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. കോഹിനൂർ പിടിച്ചെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും മറിച്ച് പഞ്ചാബിലെ ഭരണാധികാരികൾ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വിഷയം പാർലമെൻറിൽ പലതവണ ചർച്ച ചെയ്തതാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.