കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം

12.33 AM 25-07-2016
kollam_2407
കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്.
ബോംബ് നിര്‍മാണത്തിനുപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡും ടൈമറും വാങ്ങിയത് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സര്‍ക്യൂട്ട് ബോര്‍ഡ് വിറ്റ കട കണ്ടെത്തിയെങ്കിലും അവിടെ സാധനങ്ങള്‍ വില്‍ക്കുന്നതിന് ബില്ല് സൂക്ഷിക്കാറില്ലെന്നത് തുടരന്വേഷണത്തിന് തടസമായി.
കഴിഞ്ഞ മാസം 15നാണ് കൊല്ലം കളക്ടറേറ്റിലെ സിജെഎം കോടതി വളപ്പില്‍ സ്‌ഫോടനമുണ്ടായത്. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന വ്യവസായ വകുപ്പിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. അതേസമയം അന്വേഷണം സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ പറഞ്ഞത്.