അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് കോടിയേരി

12.54 AM 25-07-2016
23-1424686951-kodiyeri-balakrishnan
അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് പരസ്യമായ ആഹ്വാനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാഴ്ച മുന്‍പ് സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം.
വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട’ കോടിയേരി പറഞ്ഞു. പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെയും കോടിയേരി ബാലകൃഷ്ണന്‍ ആഞ്ഞടിച്ചു. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കൊപ്പമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നു പ്രഖ്യാപിച്ച കോടിയേരി ഉന്നത ഉദ്യോഗസ്ഥര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി ആര്‍എസ്എസ് നേതൃത്വത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി വി ധനരാജും ബിജെപി പ്രവര്‍ത്തകനായ സി കെ രാമചന്ദ്രനു കൊല്ലപ്പെടുന്നത്. ധനരാജിന്റെ വധത്തിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു സംഘം ആളുകള്‍ രാമചന്ദ്രനെ വീടുവളഞ്ഞ് വെട്ടിക്കൊല്ലുന്നത്.
ധനരാജ് വധത്തില്‍ നാലു ബിജെപി പ്രവര്‍ത്തകരെയും രാമചന്ദ്രന്‍ വധത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.