കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10:14 pm 15/10/2016
download (15)
കൊച്ചി: കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയില്‍ ആരു കയറണം, ആരു കയറേണ്ട എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകന്‍ അധികാരിയല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ജുഡീഷ്യറിക്കുള്ള അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. ജഡ്ജിമാര്‍ക്കുള്ള അവകാശം തങ്ങള്‍ക്കുള്ളതാണെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കടക്കരുത് എന്നു പറയുന്നത് നിയമലംഘനമാണ്. ഒരു അഭിഭാഷകനും അതിനു സ്വാതന്ത്ര്യമില്ല. നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഷഫീഖ് അമരാവതി നഗറില്‍ (എറണാകുളം ടൗണ്‍ഹാള്‍) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുണ്ടായ ഇടക്കാലത്തെ ഉരസല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപിത താല്‍പ്പര്യത്തോടെ ശ്രമിക്കുന്നവരുണ്ട്. അതിനുപിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളും താല്‍പ്പര്യങ്ങളുമുണ്ട്. അതു നിര്‍വഹിച്ചെടുക്കാനുള്ള ശ്രമത്തിലെ ഉപകരണങ്ങളായി അഭിഭാഷകരോ മാധ്യമപ്രവര്‍ത്തകരോ മാറരുത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടുണ്ടാക്കിയ ധാരണ പൊളിക്കാന്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തണം.
പത്രപ്രവര്‍ത്തന രംഗത്ത് കുറേ മൂല്യത്തകര്‍ച്ചകളുണ്ടായി. ആ മൂല്യത്തകര്‍ച്ചകളെ ചെറുത്തുനില്‍ക്കാന്‍ ഈ രംഗത്തുള്ളവര്‍ക്കു സാധിക്കണം. പത്രപ്രവര്‍ത്തനം എന്നതില്‍, അറിയിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, സത്യം അറിയാനുള്ള വായനക്കാരന്റെ അവകാശം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതു മറക്കരുത്.
മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും അപകടപ്പെട്ടാല്‍ അതിജീവിക്കുന്ന പ്രതിഭാസമല്ല മാധ്യമപ്രവര്‍ത്തനം. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസ്റ്റു സങ്കല്‍പ്പവും മതനിരപേക്ഷതയും ഒക്കെ നിലനില്‍ക്കുന്നിടത്തോളമേ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കൂ. ഇവയുടെയൊക്കെ അഭാവത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടാവില്ല. സത്യവും അസത്യവും തമ്മില്‍ പൊരുതുമ്പോള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷരാകരുത്. അതുപോലെ ധര്‍മവും അധര്‍മവും തമ്മിലും വര്‍ഗീയതയും മതനിരപേക്ഷതയും തമ്മിലും സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും തമ്മിലും പൊരുതുമ്പോള്‍ നിഷ്പക്ഷരാകരുത്. അത്തരമൊരു നിഷ്പക്ഷത ക്രൂരമാണ്. ആ നിഷ്പക്ഷത ഗാന്ധിജിയും നെഹ്‌റുവും ജയപ്രകാശ് നാരായണനും ഇ എം എസും ഒക്കെ പുലര്‍ത്തിയിരുന്നുവെങ്കില്‍ നാം ഇന്നു ശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വായു ഇവിടെ ഉണ്ടാവുമായിരുന്നില്ല- പിണറായി പറഞ്ഞു.
പത്രപ്രവര്‍ത്തകരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പിന്തുണയായി എന്നും ഈ സര്‍ക്കാര്‍ ഉണ്ടാകും. മാധ്യമ സ്വാതന്ത്ര്യത്തിനുനേര്‍ക്ക് ഏതു ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിയെയും അതിശക്തമായി നേരിടുമെന്നും പിണറായി പറഞ്ഞു.