മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുന്നു

10:16 pm 15/10/2016

പുലിയെ കൊമ്പന്‍ കുടുക്കുമോ?

download (14)

കൊച്ചി: പുലിയെ കൊമ്പന്‍ കൂടുക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യംമുയരുന്നത്. ആനക്കൊമ്പ് കൈവശം വച്ച കേസില്‍ ത്വരിതാനേഷണം നടത്താന്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. 2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് 2012ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് താന്‍ ആനക്കൊമ്പ് കൈവശം വച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഹരജിക്കാര്‍ വാദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകള്‍ വാദിഭാഗം നേരത്തേ ജരാക്കിയിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്. എന്നാല്‍ ആനക്കൊമ്പുകള്‍ പണം കൊടുത്തു വാങ്ങിയതാണെന്ന വിശദീകരണം നിലനില്‍ക്കില്ലെന്നും വനനിയമപ്രകാരം ഇതും നിയമലംഘനമാണെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്റെ ചുമതലയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
മൂന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്. ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് തിരുവഞ്ചൂരിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അടക്കം 12 പേര്‍ പ്രതിപട്ടികയിലുള്ളതും.
മോഹന്‍ലാലിനും തിരുവഞ്ചൂരിനും പുറമേ മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി സനല്‍, സംഭവം നടക്കുമ്പോള്‍ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാര്‍, തൃക്കാക്കര അസി.പൊലിസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.