ക്ഷേത്രത്തിന് തേക്ക്തടിക്കായി ശുപാര്‍ശ: ജയരാജന്‍ വീണ്ടും വിവാദത്തില്‍

08:00 pm 21/10/2016

download (2)
കണ്ണൂര്‍: മന്ത്രിയായിരിക്കെ ബന്ധുക്കൾക്ക് വേണ്ടി ഇടപെട്ടതിന് ഇ.പി ജയരാജൻ വീണ്ടും വിവാദത്തിൽ. ബന്ധുക്കൾ ഭാരവാഹികളായ കുടുംബ ക്ഷേത്ര നവീകരണത്തിന് തേക്ക് തടികളാവശ്യപ്പെട്ട് വനംവകുപ്പിനയച്ച കത്താണ് വിവാദമായിരിക്കുന്നത്. 50 കോടിയോളം വിലമതിക്കുന്ന 1200 ക്യുബിക് അടി തേക്ക് തടികൾ നൽകാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് ഈ നീക്കം തടസ്സപ്പെട്ടത്. തേക്ക് തടികളാവശ്യപ്പെട്ടുള്ള ഇ.പിയുടെ കത്ത് കിട്ടിയെന്ന് വനംമന്ത്രി കെ.രാജുവും സ്ഥിരീകരിച്ചു.
വ്യവസായ മന്ത്രിയായിരിക്കെ സെപ്തംബർ 27ന് സ്വന്തം ലെറ്റർപാഡിലാണ് ഇരിണാവ് ചുഴലി ഭഗവതിക്ഷേത്ര നവീകരണത്തിന് തേക്ക് തടികളാവശ്യപ്പെട്ടുള്ള കത്ത് ഇ.പി ജയരാജൻ വനംവകുപ്പിന് നൽകുന്നത്. കത്ത് ലഭിച്ചെന്ന് വനംമന്ത്രി സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ നീക്കം ഇവിടെ നിൽക്കാതെ, ഇതിന് ശേഷം ആവശ്യമായ തടികളും തടികളുടെ ലഭ്യതയും ഉറപ്പുവരുത്താന്‍ നിർദേശം താഴേത്തട്ടിൽ കണ്ണൂർ ഡി.എഫ്.ഒയ്ക്ക് ലഭിച്ചു എന്നതാണ് ഗൗരവതരം.
പരിശോധനക്ക് ശേഷം 1200 ക്യുബിക് അടി തേക്ക് വേണമെന്ന് കണക്കാക്കിയ വനംവകുപ്പ് കണ്ണവം, കൊട്ടിയൂർ റെയ്‌ഞ്ചുകളിൽ നിന്നാണ് ലഭ്യതയുടെ വിവരം തേടിയത്. ഇതിന് ശേഷമാണ് ഈ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി 50 കോടിയോളം മതിപ്പ് വിലയുള്ള ഇത്രയും തേക്ക് സൗജന്യമയി നൽകാൻ ആവില്ലെന്ന് വനംവകുപ്പ് മറുപടി നൽകുന്നത്. ഈ മാസം പതിനെട്ടിനായിരുന്നു അപേക്ഷ ചട്ട വിരുദ്ധമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന വനംവകുപ്പിന്റെ മറുപടി.
നീക്കം നടന്നില്ലെങ്കിലും പക്ഷെ ബന്ധു നിയമന വിവാദത്തിൽ പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ.പി നടത്തിയ സമാന സ്വഭാവവും ഗൗരവവുമുള്ള മറ്റൊരു നടപടിയാണ് പുറത്ത് വന്നിരിക്കുന്നത്. ഇ.പിയുടെ ഉറ്റ ബന്ധുക്കൾ തന്നെയാണ് ക്ഷേത്രത്തിന്റെ താക്കോൽ സ്ഥാനങ്ങളിലുള്ള ഭാരവാഹികൾ. ഇത്തരമൊരു അസ്വാഭാവിക നീക്കമായിട്ടും ഇത് താഴേത്തട്ടിലേക്ക് പരിഗണനയ്ക്കായി എത്തിയത് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിട്ടുണ്ട്.