ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി

01:04 PM 21/10/2016
download
കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിമർശനവുമായി കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. ബാർ കോഴ ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ മുൻ ധാരണയോടെയാണ് വിജിലൻസ് ഡയറക്ടർ പ്രവർത്തിക്കുന്നത്. ജേക്കബ് തോമസിന്‍റെ പല നിർദേശങ്ങൾക്കും പിന്നിൽ സ്ഥാപിത താൽപര്യമുണ്ട്. അന്വേഷണങ്ങൾ പക തീർക്കാനാകരുതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പലപ്പോഴും മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി. ജനങ്ങളെ പാർട്ടിക്കെതിരാക്കാനായിരുന്നു ഈ നീക്കങ്ങൾ. ഇത്തരം വാർത്തകൾ നൽകിയാൽ കോടതി സ്വാധീനിക്കപ്പെടുമെന്ന് ജേക്കബ് തോമസ് കരുതുന്നതായും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

മുന്നണി വിട്ടാൽ ഒരു ദിവസം പോലും കേരളാ കോൺഗ്രസിന് നിലനിൽപ്പില്ലെന്ന ചിലരുടെ വിചാരം മാറ്റാനായി. മുന്നണി പ്രവേശനം ഇപ്പോൾ അജൻഡയില്ല. ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളും. കേരളാ കോൺഗ്രസിന്‍റെ സ്വീകാര്യതയാണ് പാർട്ടി വിട്ടവരുടെ വിദ്വേഷത്തിന് കാരണം. വൈസ് ചെയർമാൻ സ്ഥാനത്തിന്‍റെ കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ജോസ് കെ. മാണി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.