ക്ഷേമ പെന്‍ഷനുകൾ പാർട്ടിക്കാർ വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധം -ചെന്നിത്തല

04:29 PM 29/08/2016
images (5)
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം കേരളാ സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവിൽ വിതരണം ചെയ്യുന്നത്. ഓണ സമ്മാനമെന്ന മട്ടില്‍ പാര്‍ട്ടി പ്രതിനിധികള്‍ വീട്ടിലെത്തി പെന്‍ഷന്‍ നല്‍കുന്നതിനൊപ്പം അവരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

രജിസ്ട്രാര്‍ അറിയാതെ ജോയിന്‍റ് രജിസ്ട്രാര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് പെന്‍ഷന്‍ വിതരണം നടക്കുന്നത്. ഒരു പഞ്ചായത്തിലെ കൂടുതല്‍ ആദായമുള്ള ബാങ്കുകളെ തെരഞ്ഞെടുക്കാതെ തീര്‍ത്തും രാഷ്ട്രീയമായാണ് സി.പി.എം സ്വന്തം സഹകരണ സംഘങ്ങളെ ഇതിനായി വിനിയോഗിക്കുന്നത്. പലയിടത്തും കൃത്യമായ വ്യവസ്ഥയില്ലാതെ ജില്ലാ ബാങ്കുകളെ നോക്കുകുത്തിയാക്കിയാണ് വിതരണം. ഇക്കാര്യത്തില്‍ ഒരു ഏകീകൃത സ്വഭാവമുണ്ടാകണമെന്നും ഉത്തരവ് മറികടന്നുള്ള നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാര്‍ കോഴ കേസില്‍ പുനരന്വേഷണത്തിനുള്ള വിജിലൻസ് കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എൻ. ശങ്കര്‍ റെഡ്ഡി നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തയാളാണ്. ബാർ കോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആർ. സുകേശന്‍റെ പുതിയ നിലപാടിനെ ഏതു തരത്തിലും വ്യാഖ്യാനിക്കാം. ബാർ കേസില്‍ മാണിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുന്നതില്‍ പ്രസക്തിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സെക്രട്ടേറിയറ്റിലെ ഓണാഘോഷത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ്. ഓണത്തിന് പൂക്കളമിടുന്നത് അത്ര വലിയ പാതകമായി കരുതുന്നില്ല. ഇതേ മുഖ്യമന്ത്രി പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച തിരുവനന്തപുരം ഒഴികെ ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ യു.ഡി.എഫ് നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.