ഖത്തര്‍ എയര്‍വെയ്‌സ് ബാഗേജ് ട്രാക്കില്‍ പൂര്‍ണ സംവിധാനം ഒരുക്കി

09:23 pm 20/4/2017

– ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്: അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ടയുടെ 753-ാം പ്രമേയം പ്രാവര്‍ത്തികമാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് . യാത്രയുടെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ബാഗേജും ട്രാക്ക് ചെയ്യണമെന്നതാണ് പ്രമേയം. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബാഗേജ് കൈകാര്യ സംവിധാനമായ ഹഖിബയാണ് ഈ നേട്ടത്തിന് പിന്നില്‍. ബാഗേജിന്റെ നിലവിലുള്ള സ്ഥാനം എവിടെയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും തല്‍സമയം അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഹഖിബ ഒരുക്കിയത്.

പരിശോധന കഴിഞ്ഞ ബാഗേജുകളെ കുറിച്ച് വെബ്‌സൈറ്റിലെയും ആപ്പിലെയും “ട്രാക്ക് മൈ ബാഗ്‌സ്’ വഴി തല്‍സമയം അറിയാം. ബാഗിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ആപ്പ് നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. “മൈ ട്രിപ്‌സ്’ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യാം. ചെക്ക് ഇന്‍, കൈമാറ്റം, അറൈവല്‍, ബാഗ് ടാഗ് റഫറന്‍സ്, ബാഗേജ് ബെല്‍റ്റ് തുടങ്ങി ബാഗേജ് കൈകാര്യ പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ അടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. ബാഗേജ് താമസിക്കല്‍, നഷ്ടപ്പെടല്‍ തുടങ്ങിയവയെ സംബന്ധിച്ച് യാത്രാവേളയില്‍ തന്നെ യാത്രക്കാരന് ഇതിലൂടെ അറിയാം. ബാഗുകളുടെ കാലതാമസത്തില്‍ സജീവമായി ഇടപെടാന്‍ ജീവനക്കാര്‍ക്കും സാധിക്കും.

ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന മുന്തിയ പരിഗണനയാണ് ബാഗേജ് കൈകാര്യ സംവിധാനമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്ബാകിര്‍ മാദ്ധ്യമങ്ങോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അയാട്ട ഈ പ്രമേയം പ്രാബല്യത്തില്‍ വരുത്തിയത്. അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് മുമ്പ് സംഘടനയിലെ എല്ലാ വിമാന കമ്പനികളും ഇത് പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ട്. ഖത്തര് എയര്‍വെയ്‌സിന്റെ ദോഹ ഹബ് ആയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സര്ട്ടിഫിക്കറ്റ് ലഭിച്ചു. ഈ പ്രമേയം പ്രയോഗത്തില്‌കൊണ്ടുവരുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സിന് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.