ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന.

09:30 am 4/10/2016
download (5)

ദോഹ: ആഗസ്റ്റ് മാസത്തില്‍ ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന. തൊട്ടുമുന്‍ മാസത്തെ (ജൂലൈ 2016) അപേക്ഷിച്ച് 30 ശതമാനത്തിന്‍െറ വര്‍ധനയുള്ളതായി വികസന ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള വാതകോര്‍ജ്ജ വിപണിയില്‍ ആഗസ്റ്റ് മാസം അനുഭവപ്പെട്ട വില വര്‍ധനയും തുടര്‍ന്ന് കയറ്റുമതിയിലുണ്ടായ വര്‍ധനവുമാണ് വ്യാപാര മിച്ചം വര്‍ധിക്കാനിടയായത്.
ജപ്പാന്‍, സൗത്ത് കൊറിയ, ഇന്ത്യ, യു.എ.ഇ, ചൈന എന്നിവയാണ് ഖത്തറിന്‍െറ പ്രധാന കയറ്റുമതി രാജ്യങ്ങളെങ്കില്‍, ആഗസ്റ്റ് മാസത്തെ ഇറക്കുമതി രാജ്യങ്ങള്‍ ജര്‍മനി, ചൈന, യു.എസ്, യു.എ.ഇ ഇന്ത്യ എന്നിവയാണ്.
ജൂലൈ മാസത്തെക്കാള്‍ മൊത്തം കയറ്റുമതി മൂല്യത്തില്‍ പതിനൊന്ന് ശതമാനത്തിന്‍െറ വര്‍ധനയുണ്ട്.(18.7 ബില്യന്‍). എന്നാല്‍, വ്യാപാര മിച്ചത്തിന്‍െറ വാര്‍ഷിക തോതില്‍ 23 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (കയറ്റുമതിയ ചെയ്ത ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെയും വ്യത്യാസത്തില്‍ 35.7 ശതമാനത്തിന്‍െറ (4.8 ബില്യന്‍) കുറവുണ്ട്.) ആഗസ്റ്റ് മാസത്തെ ഇറക്കുമതി 9.4 ബില്യന്‍ റിയാലാണ്, അതായത് 2015 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്‍െറ കുറവ്.
വാര്‍ഷിക വ്യാപാരമിച്ചത്തില്‍ കുറവുവരാനിടയാക്കിയതിന്‍െറ പ്രധാന കാരണം പെട്രോളിയം വാതകങ്ങളുടെ (എല്‍.എന്‍.ജി, പ്രൊപ്പൈന്‍, ബ്യൂട്ടൈന്‍ മുതലായവ) കയറ്റുമതിയിലെ കുറവാണ്. 2015 ആഗസ്റ്റിനെ അപേക്ഷിച്ച് 2016 ആഗസ്റ്റില്‍ 11.3 ബില്യന്‍ റിയാല്‍ (23.9 ശതമാനം) കുറവാണ് വ്യാപാര മിച്ചം.
ആഗസ്റ്റ് മാസം ഖത്തറില്‍നിന്ന് പ്രകൃതിവാതകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ജപ്പാനിലേക്കാണ്. (മൂല്യം 3.4 ബില്യന്‍ റിയാല്‍) ആകെ കയറ്റുമതിയുടെ 18.8 ശതമാനം. രണ്ടാമതായി സൗത്ത് കൊറിയയിലേക്കും 2.7 ബില്യന്‍ (15 ശതമാനം), മൂന്നാമത് ഇന്ത്യയിലേക്കുമാണ് 2.2. ബില്യന്‍ റിയാല്‍ (12.1 ശതമാനം).
ഇതേ മാസം ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ പ്രധാനപ്പെട്ടവ മോട്ടോര്‍ കാറുകളും യാത്രാ വാഹനങ്ങളുമാണ്. ഇവയുടെ മൂല്യം 600 ദശലക്ഷം ഖത്തര്‍ റിയാലാണ്. 2015 ആഗസ്റ്റിനെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 11.3 കുറവാണ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലുണ്ടായിട്ടുള്ളത്. ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം വിമാനത്തിന്‍െറയും ഹെലികോപ്റ്ററിന്‍െറയും സ്പെയര്‍ പാര്‍ട്സുകളാണ് (200 ദശലക്ഷം റിയാല്‍).
തൊട്ടു മുന്‍വര്‍ഷത്തെ ഇതേ കാലയളവിലേക്കാള്‍ 59.9 ശതമാനത്തിന്‍െറ കുറവ്. മൂന്നാമത് ടെലിഫോണുകളും അനുബന്ധ ഉല്‍പ്പന്നങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും (200 ദശലക്ഷം റിയാല്‍) ഇറക്കുമതിയില്‍ 30.3 ശതമാനത്തിന്‍െറ കുറവ്.
ഖത്തറിലേക്കുള്ള ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം ജര്‍മനിക്കാണ് 1.1 ബില്യന്‍ ഖത്തര്‍ റിയാല്‍ (ആകെ ഇറക്കുമതിയുടെ 11.2 ശതമാനം), രണ്ടാം സ്ഥാനം ചൈന 1.02 ബില്യന്‍ റിയാല്‍ (10.9 ശതമാനം), ശേഷം യു.എസ്. 1.011 ബില്യന്‍ (10.8 ശതമാനം).