ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

12:27 pm 25/10/2016
download
ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും രാഷ്‌ട്രീയ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഗുണ്ടാ നേതാക്കള്‍ക്ക് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്ത് പൊലീസ് നിഷ്ക്രിയമാണെന്നും ഗുണ്ടാ സംഘങ്ങള്‍ വിഹരിക്കുകയാണെന്നുമാണ് പിടി തോമസ് അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചത്. കൊച്ചി ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാണ്. ഗുണ്ടാ നേതാക്കളിലധികവും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുളളവരാണ്. മുഖ്യമന്ത്രിയുടെ പേരില്‍ പോലും തട്ടിപ്പ് നടക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരെ തീവ്രവാദ കേസുകളില്‍ കുടുക്കുമെന്ന് കൊച്ചിയിലെ ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായി.
എന്തുമാകാമെന്ന നില ചില ഗുണ്ടാ സംഘങ്ങള്‍ക്കുണ്ടെന്നു സമ്മതിച്ച മുഖ്യമന്ത്രി ഇതിനെതിരെ രാഷ്‌ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രിയോട് അടുത്തയാളാണെങ്കില്‍ പോലും വിട്ടുവീഴ്ചയോ സംരക്ഷണമോ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയും സഭയില്‍ ചര്‍ച്ചയായി
ഭരണകൂടം പരാജയപ്പെടുമ്പോഴാണ് മാഫിയ ശക്തിപ്പെടുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.