ഗൂഗ്ളിന്‍െറ തൊഴിലാളി നയങ്ങള്‍ അംഗീകൃത നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് ജീവനക്കാരന്‍ കാലിഫോര്‍ണിയ സംസ്ഥാന കോടതിയെ സമീപിച്ചു.

11:55 pm 22/12/2016
images
കാലിഫോര്‍ണിയ: ഐ.ടി രംഗത്തെ പ്രമുഖരായ ഗൂഗ്ളിന്‍െറ തൊഴിലാളി നയങ്ങള്‍ അംഗീകൃത നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് ജീവനക്കാരന്‍ കാലിഫോര്‍ണിയ സംസ്ഥാന കോടതിയെ സമീപിച്ചു. കമ്പനിയുടെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നതിനും, ജീവനക്കാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലക്കുണ്ടെന്നും ജോണ്‍ ഡോ എന്ന പേരില്‍ നല്‍കിയ ഹരജി വാദിക്കുന്നു.

‘തിന്മ അരുത് എന്നാണ് ഗൂഗ്ളിന്‍െറ മുദ്രാവാക്യം. എന്നാല്‍, ഇതിന് വിരുദ്ധമായ വ്യവസ്ഥകള്‍ക്ക് ഗൂഗ്ള്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നു. ഭരണഘടനയും, രാജ്യത്തെ ചട്ടങ്ങളും തൊഴിലാളികള്‍ക്ക് വകവെച്ച് നല്‍കുന്ന അവകാശങ്ങളും ഗൂഗ്ള്‍ ഹനിക്കുന്നു’- ഹരജിയില്‍ പറയുന്നു.
പരാതി വസ്തുതാപരമെന്ന് തെളിഞ്ഞാല്‍, 27,000 കോടി രൂപ ഗൂഗ്ള്‍ പിഴയൊടുക്കേണ്ടി വരും.

ജീവനക്കാര്‍ക്ക് സ്വതന്ത്രമായി എഴുതാന്‍ ഗൂഗ്ളില്‍ വിലക്കുണ്ടെന്ന് പറയുന്ന ഹരജി, ഒരു രചനയുടെ അവസാന പകര്‍പ്പ് മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാരന് അനുവാദമുള്ളൂവെന്നും ആരോപിക്കുന്നു. കമ്പനിയില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികളെക്കുറിച്ച് കമ്പനിയുടെ സ്വന്തം അഭിഭാഷകരോടുപോലും പരാതി നല്‍കരുതെന്ന് വ്യവസ്ഥയുണ്ടെന്നും ഹരജിക്കാരന്‍ പറയുന്നു. എന്നാല്‍, ഹരജി അടിസ്ഥാനരഹിതമാണെന്ന് ഗൂഗ്ള്‍ പ്രതികരിച്ചു.