അത്മാസ് വാര്‍ഷികം സംഘടിപ്പിച്ചു.

11:51 pm 22/12/2016

Newsimg1_44661300
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ വാര്‍ഷികം ജോസഫ് ചാഴികാട്ട് സ്മാരക ഹാളില്‍ വച്ച് സംഘടിപ്പിക്കപെട്ടു. വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ പങ്കെടുത്ത പുര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സംഗമം തലമുറകളുടെ ഒത്തുചേരലുമായി. യോഗത്തില്‍ അധ്യക്ഷ പദവി അലങ്കരിച്ച സംഘടനയുടെ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് ഉഴവൂരിലെ പൂര്‍വ്വികര്‍ വിദ്യാസമ്പന്നര്‍ ആയിരുന്നില്ലെങ്കിലും അവരുടെ പരിശ്രമവും, കഠിനാധ്വാനവും, ദീര്‍ഘ വീഷണവും കൊണ്ട് 50 വര്‍ഷങ്ങള്‍ക്കപ്പുറം ഉഴവൂരില്‍ ഒരു കോളേജ് സ്ഥാപിക്കുകയും ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ കോളേജില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി ലോകത്തെമ്പാടും ഉഴവൂരിന്റെ യശസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിലെമ്പാടും എല്ലാവര്‍ക്കും കോളേജുകള്‍ അനുവദിച്ചു നല്‍കിയതെന്നും അതില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ മറ്റു മാനേജുമെന്റുകളെ അപേക്ഷിച്ച് നല്ലരീതിയില്‍ തങ്ങള്‍ക്കുലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തി എന്നതാണ് സത്യമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.സി. ജോര്‍ജ് പറഞ്ഞു. വേദിയില്‍ തന്നോടൊപ്പം ഉള്ള എല്ലാവരും തന്നെ പഴയ ജോസഫ് ഗ്രൂപ്പുകാരാണെന്ന യാദര്‍ശീകതയും അദേഹം സരസമായി തന്റെ പ്രസംഗമധ്യേ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ട്, അത്മാസ് സെക്രട്ടറി സ്റ്റീഫന്‍ മാത്യൂ പാറയില്‍, അത്മാസ് വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.എ. ജോസ് എന്നിവരെല്ലാം ഒരുകാലത്ത് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അധികം വൈകാതെ കേരളാ കോണ്‍ഗ്രസുകള്‍ ഇല്ലാതാകുമെന്ന പ്രവചനവും അദേഹം നടത്തി. കൂടാതെ താനുള്‍പെടെയുള്ളവരെല്ലാം വലിയ അഹങ്കാരികളാണെന്ന തിരിച്ചറിവ് തനിക്കുണ്ടായതായും അദേഹം സദസില്‍ വെളിപെടുത്തി. അഹങ്കാരത്തില്‍ നിന്നും എല്ലാവരും പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദേഹം പറഞ്ഞു. സമയത്ത് ജോലിക്കെത്താത്ത ഉദ്യോഗസ്ഥരെ പേടിപ്പിച്ചിരുന്ന തന്റെ ശൈലിയിലും ഇനി മാറ്റം വരുത്തുമെന്നും അദേഹം പറഞ്ഞു. കുടുംബങ്ങളിലെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് ഓടിക്കിതച്ച് ജോലിക്കെത്തുന്നവരോട് മാനുഷീക പരഗണനയില്ലാരെ പെരുമാറേണ്ടി വന്നത് തന്റെ തന്നെ അഹന്തകൊണ്ടാണെന്നും ഇനി അതുണ്ടാവില്ലെന്നും അദേഹം പറഞ്ഞു.

സിന്ഡിക്കേറ്റംഗമായി തെരഞ്ഞെടുക്കപെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. എ. ജോസിന് മെമന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ട്, പ്രൊഫ. സ്റ്റീഫന്‍ പാറയില്‍, അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍, ഡോ. ഫ്രാന്‍സീസ് സിറിയക്ക്, ഫാ. ലൂക്ക് പുതിയകുന്നേല്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, സണ്ണി ആനാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഗമത്തിന് കൊഴുപേകി.

സിംഗപ്പൂരില്‍ നിന്നെത്തിയ മെട്രീസ്, ദുബായില്‍ നിന്നെത്തിയ അജേഷ്, സ്റ്റീഫന്‍ ജോസഫ് കരിംതൊണ്ടിയില്‍, മലബാറില്‍ നിന്നെത്തിവര്‍, ജോമോന്‍ കെ.എസ്., ബിജു കെ.എല്‍., രാജേഷ് കെ. ഷാജു അഞ്ചക്കുന്നത്ത്, ജോസ് ചാണ്ടി തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നാട്ടില്‍ നിന്നും ഒക്കെ ഒത്തുചേര്‍ന്നവര്‍ പരസ്പരം സൗഹൃദങ്ങള്‍ പങ്കുവെച്ചും, സെല്‍ഫികള്‍ എടുത്തും തങ്ങളുടെ കൂടിച്ചേരലുകളെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കി.
Newsimg2_52876187