ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജയ്ക്ക് കാബിനറ്റ് പദവി

10:41 am 25/11/2016

പി. പി. ചെറിയാന്‍
Newsimg1_75384501
വാഷിങ്ടന്‍ : അമേരിക്കന്‍ ഗവണ്‍മെന്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജയ്ക്ക് ആദ്യമായി കാബിനറ്റ് റാങ്കില്‍ നിയമനം. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നവംബര്‍ 23 ബുധനാഴ്ച അമേരിക്കയുടെ യുഎന്‍ അംബാസിഡറായി സൗത്ത് കാരലൈനാ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്‌ലിയെ നിയമിച്ചതോടെ ഉയര്‍ന്ന പദവിയില്‍ നിയമിക്കപ്പെടുന്ന വെളളക്കാരിയല്ലാത്ത പ്രഥമ വനിത എന്ന ബഹുമതിയും നിക്കി ഹെയ് ലിക്ക് ലഭിച്ചു.

ഗവര്‍ണര്‍ പദവിയിലിരുന്ന് ചരിത്രപരമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ ഹെയ്‌ലി അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന ഒരു താരമായാണ് അറിയപ്പെടുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ സിഖ് മാതാപിതാക്കളുടെ മകളാണ് നിക്കി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന (ചശാൃമമേ ചശസസശ ഞമിറവമംമ ഒമഹല്യ)

ജാതി–മത–വര്‍ണ്ണ–വര്‍ഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ നിക്കി ഹെയ്‌ലി പ്രകടിപ്പിച്ച മനോവീര്യം, സൗത്ത് കാരലൈനാ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും ഉയര്‍ച്ചയെ ലക്ഷ്യമാക്കി രാഷ്ട്രീയത്തിനതീതമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ് പുതിയ ഉത്തരവാദിത്വത്തിലേയ്ക്ക് നിയമിക്കുന്നതിന് പ്രചോദനമേകിയതെന്ന് ട്രംപ് നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിനകത്തും പുറത്തും അമേരിക്ക വലിയ വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ യുഎന്‍ അംബാസിഡര്‍ പദവി നല്‍കി ആദരിച്ചതില്‍ അതീവ കൃതാര്‍ത്ഥയാണ്. നിയമനം സ്വീകരിച്ച് ട്രംപിന് നന്ദി പ്രകാശിപ്പിച്ച് എഴുതിയ കത്തില്‍ നിക്കി വ്യക്തമാക്കി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ലഭിക്കുന്ന അംഗീകാരം ഇരുരാഷ്ട്രങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുന്നതിനിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.