ചരിത്രത്തിലാദ്യമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനില്‍ ഓണാഘോഷത്തിന്റെ തുടക്കം .

09:33 am 18/9/2016
– എബി ആനന്ദ്
Newsimg1_95701379
ടെക്‌സസ്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ ലൈബ്രറികളും ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ ലോങ് ഹോര്‍ണ്‍ മലയാളം സ്റ്റുഡന്റ്‌സ് അസോസിയേഷനും കോലം വരച്ചുകൊണ്ട് ഓണവാരത്തെ വരവേറ്റു. സെപ്റ്റംബര്‍ 12ന് രാവിലെ 6 മണിക്കു തുടങ്ങിയ രംഗോലി കളര്‍ കോലം ഏകദേശം 8 മണിയോടെ പൂര്‍ത്തിയായി. വര്‍ണ്ണാഭമായ ഡിസൈനിന്റെ നാലു വശത്തും ‘ഓണാശംസകള്‍, സ്വാഗതം എന്നിവ മലയാളത്തിലും ‘UT LIBRARIES’, ‘WELCOME’ എന്നിവ ഇംഗ്ലീഷിലും എഴുതിയിരുന്നു.

ടെക്‌സസിന്റെ ചിഹ്നമായ Long Horn (നീളന്‍ കൊമ്പുകളുളള കാളയുടെ മുഖം) പുരുഷ വിഭാഗത്തിന്റെ മേല്‍ നോട്ടത്തിലായിരുന്നു കളമൊരുക്കിയത്. Long horns Malayalam Students Association എന്ന് വര്‍ണ്ണപ്പൊടികള്‍ കൊണ്ട് ഈ ചിഹ്നത്തിനു ചുറ്റും രേഖപ്പെടുത്തി.

ആസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി, ലിബറല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മലയാള ഭാഷയും സാഹിത്യവും പഠിപ്പിച്ചു വരുന്നു. പിസിഎല്‍ (Perry- Castaneda Library) ലൈബ്രറിയില്‍ ഏകദേശം പതിനായിരത്തോളം മലയാളം പുസ്തകങ്ങളും കൂടാതെ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത പുസ്തകങ്ങളും ഉണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് സൗത്ത് ഏഷ്യ ലൈബ്രറിയന്‍ മേരി റേഡര്‍, യൂണിവേഴ്‌സിറ്റി മലയാളം പ്രൊഫ. ദര്‍ശന മനയത്ത് എന്നിവരായിരുന്നു കോലത്തിന് മേല്‍നോട്ടം നല്‍കിയത്. വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളുമായി ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 23നു നടക്കും.