ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്.

12:41 pm 24/12/2016

പി.പി. ചെറിയാന്

cherian (1)
മഹാനായ അലക്സാണ്ടര് ചക്രവര്ത്തി, പണ്ഡിതന്മാരില് പണ്ഡിതരായി അറിയപ്പെടുന്ന സോക്രട്ടീസ്, പ്ലാറ്റോ, കണ്ഫ്യൂഷ്യസ് തുടങ്ങിയ എത്രയോ മഹാന്മാരുടെ ജനനം, ജീവിതം, മരണം ഇതിനെ കുറിച്ചുള്ളള വിശദവിവരങ്ങള് ചരിത്ര രേഖകളില് കുറിക്കപ്പട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെ യഥാര്ത്ഥ ചിത്രങ്ങള് വരെ ചരിത്രതാളുകളില് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല് ലോകചരിത്രത്തെ ബി.സി.എന്നും , എ.ഡി എന്നും രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ വ്യക്തമായ ജീവചരിത്രമോ, ശരിയായ ഒരു ചിത്രമോ എന്തുകൊണ്ട് ചരിത്ര രേഖകളില് ലഭ്യമല്ല? ഒരാള് തന്റെ അടുത്ത സുഹൃത്തിനോടു ചോദിച്ചു. മറുപടി വളരെ ലളിതവും രസാവഹവുമായിരുന്നു. ലോക ക്രൈസ്തവരുടെ ആരാധനാപാത്രമായ ക്രിസ്തു രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പല്ലേ ജനിച്ചതും, ജീവിച്ചതും, മരിച്ചതുമെല്ലാം. ആ കാലഘട്ടത്തില് വിവരങ്ങള് രേഖടുത്തി വെക്കുന്നതിനുള്ള സൗകര്യങ്ങള് ഇന്നുള്ളതുപോലെ ഉണ്ടായിരുന്നില്ലല്ലോ. ഏഷ്യാ മൈനറൊഴികെ ഏതെങ്കിലും രാജ്യങ്ങളില് ക്രിസ്തു തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സന്ദര്ശനം നടത്തിയിരുന്നതായി കേട്ടിട്ടുണ്ടോ? എന്നാല് മുമ്പ് സൂചിപ്പിച്ചവര് അങ്ങനെയായിരുന്നില്ല. നാം വിദ്യാര്ത്ഥികള് ആയിരിക്കുമ്പോള് തന്നെ നമ്മുടെ പാഠപുസ്തകത്തില് അവരെക്കുറിച്ചുള്ള ചരിത്രം പഠിച്ചിരുന്നില്ലേ?
അവര് ഏതെല്ലാം രാജ്യങ്ങള് ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വിഷയം അവരെല്ലാം ജീവിച്ചിരുന്നത് ക്രിസ്തുവിനു ശേഷം എത്രയോ നൂറ്റാണ്ടുകള് കഴിഞ്ഞിട്ടാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോള് സുഹൃത്തിന് തലചുറ്റുന്നതുപോലെ തോന്നിയത്രേ ! പാവം മനുഷ്യനുണ്ടോ അറിയുന്നു ഇവരെല്ലാം ക്രിസ്തുവിന്റെ
കാലഘട്ടത്തിന് എത്രയോ നൂറ്റാണ്ടുകള്ക്കു മുമ്പ് ജനിച്ചു മരിച്ചവരായിരുന്നുവെന്ന് !
ലോക ക്രൈസ്തവ ജനത മിശിഹായുടെ തിരുജനനം ഒരിക്കല് കൂടി ആഘോഷിക്കുവാന് തയ്യാറെടുക്കുന്നതിനു മുമ്പു ഒരു പ്രധാന ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടത് ഉചിതമാണെന്ന് തോന്നുന്നു.
ലോക ചരിത്ര രേഖകളില് ഇടം കണ്ടെത്താനാകാത്ത ക്രിസ്തുവിന് ജന സഹസ്ര ഹൃദയങ്ങളില് പരിവര്ത്തനവും പുതുമകളും പ്രദാനം ചെയ്യുവാന് കഴിയുന്നതെന്തുകൊണ്ടാണ് ? കാലസംപൂര്ണ്ണതയില് ദൈവപുത്രനെ സ്ത്രീയില് നിന്നും ജനിച്ചവനായി അയച്ചു എന്നും, കാലവും ചരിത്രവും ദൈവകരങ്ങളില് സുരക്ഷിതമായിരുന്നുവെന്നും, ചരിത്രസംഭവങ്ങളെല്ലാം ദൈവം നിയന്ത്രിക്കുന്നു എന്നുമുള്ള തിരിച്ചറിവാണോ, അതോ ക്രിസ്തുവിന്റെ സ്വഭാവത്തില് അന്തര്ലീനമായിരിക്കുന്ന മര്മ്മമാണോ ഇതിന് പ്രേരകശക്തിയായി ഭവിക്കുന്നത്. പൗലോസു അപ്പോസ്തലന്റെ ക്രിസ്തുവിനെകുറിച്ചുള്ള ഹൃദയസ്പര്ശിയായ സാക്ഷ്യത്തിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തിയാല് ഇതിനുള്ള ശരിയായ ഉത്തരം കണ്ടെത്തുക ശ്രമകരമല്ല.
സാക്ഷാല് ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണമെന്നും, വിചാരിക്കാതെ ദാസ രൂപമെടുത്ത എളിമയുടെ മൂര്ത്തീഭാവം, സ്വയം മനുഷ്യ സാദൃശ്യം സ്ഥിരീകരിക്കാവാന് സന്നദ്ധമായ കാരുണ്യം, ജനിക്കുന്നതിനും, ജീവിക്കുന്നതിനും കൊട്ടാരങ്ങള് വെണ്ടെന്നുവെച്ച രാജാക്കന്മാരുടെ രാജാവു തന്റെ ശബ്ദത്താല് സൃഷ്ടിക്കപ്പെട്ട ഭൂമിയില് തല ചായ്ക്കുവാന് ഇടമില്ലാതെ ചുറ്റിസഞ്ചരിക്കുവാന് വിധിക്കപ്പെട്ട ഭൂമിയുടെ സര്വ്വാധികാരി, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായ ബാബേല് ഗോപുരങ്ങളില് വാണരുളുന്ന ആധുനിക സമൂഹത്തിന് തികച്ചും അന്യമായ പ്രവര്ത്തനശൈലി, ഏതൊരു ഹീനമാര്ഗ്ഗവും സ്ഥിരീകരിച്ചിട്ടാണെങ്കിലും അധികാരത്തിന്റെ
ഉത്തുംഗശൃഖങ്ങളില് എത്തിച്ചേരുവാന് വെമ്പല് കൂട്ടുന്ന ജനസഹസ്രങ്ങള്ക്കിടയിലൂടെ ശാന്തനായി നടന്നവന്, മിശിഹായില് ഒരു രാജാവിനേയും ഭരണതന്ത്രജ്ഞനായ ഒരു സൈന്യാധിപനേയോ പ്രതീക്ഷിച്ചു
കഴിഞ്ഞിരുന്ന ഇസ്രായേല് ജനങ്ങള്ക്കു ആത്മാവിന്റെ വീണ്ടെടുപ്പിനെക്കുറിച്ചു വെളിപ്പെടുത്തി കൊടുത്ത ഒരു സാധാരണ സുവിശേഷകന്, സ്വാതന്ത്ര്യത്തിനായി ദാഹിച്ച മനുഷ്യവര്ഗ്ഗത്തിനു ക്രൂശികരണത്തിലൂടെയുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തവന്, സമൂഹത്തില് തിരസ്കരിക്കപ്പെട്ടവര്, ദരിദ്രര് എന്നിവരോടൊപ്പം സഞ്ചരിച്ചു അവരോടൊപ്പം ഭക്ഷണം പങ്കിട്ടവന്, സാധാരണക്കാരായ മുക്കുവരില് നിന്നും, ത്യജിക്കപ്പെട്ടവരില് നിന്നും കൂടെ സഞ്ചരിക്കുവാന് ശിക്ഷ്യന്മാരെ കണ്ടെത്തിയവന്, സാധാരണക്കാരായ മുക്കുവരില് നിന്നും, ത്യജിക്കപ്പെട്ടവരില് നിന്നും കൂടെ സഞ്ചരിക്കുവാന് ശിഷ്യന്മാരെ കണ്ടെത്തിയവന്, ഇഹലോകത്തില് സാധാരണ മനുഷ്യനായി ജനിച്ച് പാപം ഒഴികെ സര്വ്വത്തിലും പരീക്ഷിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷം വരെ നിര്ദ്ദോഷിയും, നിഷ്ക്കളങ്കനുമായി വിളങ്ങി നിന്നവന്, ശിഷ്യന്മാരുടെ അവിശുദ്ധമായ പാദങ്ങള് സ്വന്തകരതലം കൊണ്ട് കഴുകി തുവര്ത്തി സേവനത്തിന്റെ പുതിയ മാതൃക കാട്ടി കൊടുത്തവന്, ശാസ്ത്രിമാരും, പരീശന്മാരും, മതനേതാക്കന്മാരും നടത്തിയിരുന്ന അനീതിക്കും അധര്മ്മത്തിനുമെതിരെ പ്രതികരിച്ചതിന് കള്ളനെപ്പോലെ പിടിക്കപ്പെട്ടവന്, അന്യായമായ ന്യായവിസ്താരത്തിങ്കല് ഊമനെപോലെ നിശ്ശബ്ദനായി നിന്നവന്, ഒടുവില് പടയാളികളുടെ ക്രൂരമായ ചമ്മട്ടി അടികളും, നിന്ദയും പരിഹാസവും ഏറ്റുവാങ്ങി തലയില് മുള്കിരീടവും ധരിച്ചു. അന്ന് നിലവിലിരുന്ന ഹീനമായ ക്രൂശമരണത്തിന് സ്വയം ഏല്പിച്ചു കൊടുത്തവന്, ഇങ്ങനെയുള്ള ക്രിസ്തുവിന്റെ സ്ഥാനം ചരിത്ര രേഖകളിലല്ല, മനുഷ്യമനസ്സുകളിലാണ് നിറഞ്ഞുനില്ക്കുന്നതെന്ന് തെളിയിക്കാന് ഇതിലും വലിയൊരു സാക്ഷ്യത്തിന്റെ ആവശ്യമുണ്ടോ? ചരിത്രത്തില് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും, സംഭവ പരമ്പരകളും അതിസുക്ഷ്മമായി പരിശോധിക്കുമ്പോള് ഒരു കാര്യം വ്യക്തമാകും… “ദൈവമാണ് ചരിത്രത്തിന്റെ നാഥന്.”
വിവേകികള്ക്കും, ജ്ഞാനികള്ക്കും മറച്ചുവെച്ചു, ശിശുക്കള്ക്കു വെളിപ്പെടുത്തിയ യേശുവിന്റെ തിരുജനനസത്യത്തിന്റെ പൊരുള് നാം മനസ്സിലാക്കുമ്പോളാണ് ക്രിസ്തുമസ് ആഘോഷം അര്ത്ഥവത്തായി തീരുന്നത്. പാപം മൂലം ദൈവത്തില് നിന്നും അന്യപ്പെട്ടുപോയ ആദിമവര്ഗ്ഗത്തെ വീണ്ടെടുക്കുന്നതിനായി സ്വര്ഗ്ഗോന്നതി വെടിഞ്ഞു ബേത്ലഹേമിലെ
പുല്കൂട്ടില് ജാതനായ ക്രിസ്തുവിന് ഹൃദയങ്ങളില് ജനിക്കുവാന് അവസരം നല്കി, ദിനം തോറും പുതിയ ചരിത്രം രചിക്കുവാന് പൂര്ണ്ണമായും നമ്മെ ദൈവകരങ്ങളില്
സമര്പ്പിക്കാം.
ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള് നേരുന്നു