06:00 pm 12/12/2016
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ ക്ലാഷിന്റെ പ്രദര്‍ശനം റദ്ദാക്കി. കൈരളി തിയറ്ററിലാണ് ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായത്. പ്രതിനിധികൾ ബഹളം വെച്ചതോടെ ഈജിപ്ത് ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ക്ളാഷിന്‍റെ പ്രദർശനം നിശഗന്ധിയിലേക്ക് മാറ്റി.
കാലത്ത് പതിനൊന്ന് മണിക്ക് ക്യൂ നിന്നവര്‍ തിയറ്ററിലെത്തിയപ്പോള്‍ എണ്‍പത് ശതമാനം സീറ്റുകളും കൈയടക്കിയെന്നായിരുന്നു പ്രതിനിദികളുടെ ആരോപണം. തുടർന്ന് ഇവർ തടസ്സപ്പെടുത്തുകയും സ്‌ക്രീനിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പ്രദർശനം വൈകീട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ നടത്താമെന്ന ഉറപ്പിലാണ് ഒരു വിഭാഗം ഡെലിഗേറ്റകൾ പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാൽ, സംഘാടകർ തങ്ങളുടെ സമയം പാഴാക്കിയെന്നും നീതികേട് കാട്ടിയെന്നും കാണിച്ച് ഒരു സംഘം പ്രതിഷേധം തുടർന്നതോടെ ഷോ റദ്ദാക്കുകയായിരുന്നു.
ചലച്ചിത്രമേളയിലെ റിസര്‍വേഷന്‍ സംവിധാനത്തിലെ അപാകതയുണ്ടെന്ന് ആക്ഷേപവുമായി ഡെലിഗേറ്റുകൾ രംഗത്തെത്തി കഴിഞ്ഞു. റിസര്‍വ് ചെയ്യാന്‍ വെബ്‌സൈറ്റില്‍ കയറുന്ന ഡെലിഗേറ്റസിന് ‘സൈറ്റ് എറര്‍’ എന്നാണ് കാണിക്കുന്നത്. റിസേര്‍വേഷന്‍ ആരംഭിച്ചു മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് പലര്‍ക്കും തങ്ങളുടെ അക്കൗണ്ട് ലോഗ് ഇന്‍ ചെയ്യാന്‍ പോലും സാധിക്കുന്നത്. അപ്പോഴേക്കും റിസര്‍വേഷന്‍ സീറ്റുകള്‍ നിറയുന്ന അവസ്ഥയാണ്.ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യല്‍ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനിലും ഇതേ പ്രശ്‌നം തന്നെയാണെന്നും ഡെലിഗേറ്റുകൾ പറയുന്നു.
ഇതുകാരണം പലര്‍ക്കും ചിത്രങ്ങള്‍ റീസര്‍വ് ചെയ്യാന്‍ സാധിക്കുന്നില്ല. ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ നിസംഗത കാരണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണു ഡെലിഗേറ്റുകള്‍ പറയുന്നത്.

