ചാരപ്പണി: വീണ്ടും അറസ്റ്റ്

10.15 AM 30/10/2016
514657-munawwar-saleem-ani-630x350
ന്യൂഡല്‍ഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനു രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗത്തിന്റെ സഹായി അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവ്വര്‍ സലീമിന്റെ സഹായി ഉത്തര്‍പ്രദേശ് സ്വദേശിയായ ഫര്‍ഹത്താണ് കഴിഞ്ഞദിവസം രാത്രി ഡല്‍ഹി പൊലിസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാജസ്ഥാന്‍ സ്വദേശികളായ മൗലാനാ റംസാന്‍, സുഭാഷ് ജംഗീര്‍, ശുഹൈബ് എന്നിവരാണ് നേരത്തെ പിടിയിലായത്.
ഡല്‍ഹി പൊലിസ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം ഫര്‍ഹത്തിനെ കോടതിയില്‍ ഹാജരാക്കി. പിന്നീട് ഇയാളെ 10 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച രാത്രിയാണ് ഫര്‍ഹത്തിനെ ഡല്‍ഹി പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. അക്തറിനെ ഡല്‍ഹി പൊലിസ് മൂന്നുമണിക്കൂറോളം ചോദ്യംചെയ്തതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് ഫര്‍ഹത്തിനെ അറസ്റ്റ് ചെയ്തത്. അക്തര്‍, ഫര്‍ഹതിന്റെ പേരു പരാമര്‍ശിക്കുന്ന വിഡിയോയും പൊലിസ് പുറത്തുവിട്ടു. അതേസമയം, ഫര്‍ഹത്തിന് ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ ബന്ധം ഉണ്ടായിരുന്നതായി അറിയില്ലെന്ന് മുനവ്വര്‍ സലീം അറിയിച്ചു. രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ പരിശോധനകള്‍ക്കു ശേഷം 11 മാസം മുന്‍പാണ് ഫര്‍ഹത്തിനെ ജോലിക്കെടുത്തതെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സൈനികവിന്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ സുഭാഷും റംസാനും പാക് നയതന്ത്ര ഉദ്യോഗസ്ഥനായ അക്തറിനു കൈമാറുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് മൂന്നുപേരും പൊലിസിന്റെ വലയിലായത്. നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ അക്തറിനെ അറസ്റ്റ് ചെയ്തില്ല.
ഇതിനു പിന്നാലെ ഷുഹൈബിനെ തൊട്ടടുത്തദിവസം ജോധ്പുരില്‍ നിന്നു പിടികൂടി. അക്തറിനെ ഇന്ത്യ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫര്‍ഹത്തും പിടിയിലാവുന്നത്. അക്തറിനു നിര്‍ണായക വിവരങ്ങള്‍ കൈമാറിയവരില്‍ ഫര്‍ഹത്തും ഉള്‍പ്പെടുമെന്നാണ് പൊലിസ് പറയുന്നത്. ചാരവൃത്തിയില്‍ ഇനിയും നിരവധിപേര്‍ക്കു പങ്കുണ്ടാവുമെന്നാണ് പൊലിസ് കരുതുന്നത്. ഈ നാലുപേര്‍ക്കു വിവരങ്ങള്‍ എത്തിച്ചുനല്‍കുന്ന ‘ഉന്നത ഉറവിടങ്ങള്‍’ ഉണ്ടാവുമെന്നാണ് പൊലിസിന്റെ നിഗമനം. ഇതിനകം പത്തിലേറെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
വിസാ ഏജന്റായി പ്രവര്‍ത്തിക്കവേ വിസാ ആവശ്യത്തിന് പാക് ഹൈക്കമ്മിഷനെ സമീപിച്ച ഫര്‍ഹത് ഈ ബന്ധം വഴി 1998ലാണ് ആദ്യമായി പാക് ചാരസംഘടനയായ ഐ.എസ്.ഐയെ സമീപിക്കുന്നതെന്നും പാക് ഹൈക്കമ്മിഷനിലെ ‘എന്‍.കെ’ എന്ന രഹസ്യപേരുള്ള നയതന്ത്ര ഉദ്യോഗസ്ഥനാണ് ഐ.എസ്.ഐക്ക് ആദ്യമായി ഫര്‍ഹത്തിനെ പരിചയപ്പെടുത്തി കൊടുത്തതെന്നുമാണ് പൊലിസ് പറയുന്നത്. അതിനു ശേഷം രണ്ടുവര്‍ഷത്തിനകം ‘എന്‍.കെ’ മരിച്ചു. എന്നാല്‍ അപ്പോഴേക്കും ഐ.എസ്.ഐയിലെ ഉദ്യോഗസ്ഥര്‍ക്ക് ഫര്‍ഹത്തിനെ അറിയാമായിരുന്നു. അതുമുതല്‍ ഫര്‍ഹത് പാക് ചാരസംഘടനയുമായി ബന്ധംപുലര്‍ത്തിവരികയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.