ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം

7:29 pm 15/5/2017


ചിക്കാഗോ: സാഹിത്യവേദിയുടെ 202-മത് സമ്മേളനം മെയ് അഞ്ചാംതീയതി വെള്ളിയാഴ്ച നടന്നു. പ്രോസ്‌പെക്ട് ഹൈറ്റ്‌സിലെ കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ “മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു മുഖ്യ പരിപാടി. ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം പ്രബന്ധം അവതരിപ്പിച്ച് നോവലിനെപ്പറ്റി സമഗ്ര നിരൂപണം നടത്തി.

സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് “മനുഷ്യന് ഒരു ആമുഖം.’ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് ഉപ വിഭാഗങ്ങളായി തിരിച്ച് നാല്‍പ്പത് അധ്യായങ്ങളിലൂടെ കേരളത്തിന്റെ കഴിഞ്ഞ നൂറു വര്‍ഷത്തെ വളര്‍ച്ചയുടേയും, സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളുടേയും കൃത്യമായ വിലയിരുത്തലുകളാണ് നോവലില്‍ കാണുന്നത്. അഞ്ച് തലമുറകളുടെ കഥ പറയുന്നതോടൊപ്പം കേരളീയ സമൂഹത്തില്‍ മുമ്പും പിമ്പും വന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥാന്തരങ്ങളുടെ ശക്തമായ ചിത്രീകരണം നോവലിസ്റ്റ് നിര്‍വഹിച്ചിരിക്കുന്നു. ശക്തമായ ഭാഷയും കഥാപാത്ര സൃഷ്ടിയുംകൊണ്ട് വേറിട്ട് നില്‍ക്കുന്ന ഈ കൃതി ഗൗരവ വായന ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ആസ്വാദ്യകരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

പ്രബന്ധാവതരണത്തിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും ശേഷം ഗ്രന്ഥകാരനായ സുഭാഷ് ചന്ദ്രനുമായി സാഹിത്യവേദി അംഗങ്ങള്‍ ടെലിഫോണിലൂടെ സംഭാഷണം നടത്തി. നോവലിന്റെ പശ്ചാത്തലത്തെപ്പറ്റിയും എഴുത്തനുഭവങ്ങളെക്കുറിച്ചും സുഭാഷ് ചന്ദ്രന്‍ സംസാരിച്ചു. ജെയ്‌മോന്‍ സ്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജോണ്‍ ഇലയ്ക്കാട്ട് സ്വാഗതവും രാധാകൃഷ്ണന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു. ഡോ. റോയി തോമസ് ആയിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്.