ചിക്കാഗോ സെന്റ് മേരീസില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും ഭക്തി നിര്‍ഭരമായി –

08:40 am 27/11/2016

ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_92674376 (1)
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നവംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധനയും, കാരുണ്യ വര്‍ഷ സമാപനവും, നവംബര്‍ 20ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തോടും വാഴ് വോടും കൂടി സമാപിക്കുകയുണ്ടായി. ഇടവകയിലെ കൂടാരയോഗങ്ങള്‍, വിവിധ മിനിസ്ട്രികള്‍, സെന്റ് വിന്‍സന്റ് ഡിപ്പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി, അള്‍ത്താര ശുശ്രൂഷികള്‍, മേവുഡ് തിരുഹൃദയ ദേവാലയത്തിലെ ഇടവകാംഗങ്ങള്‍, ഇടവകയിലെ മതബോധന സ്ക്കൂളിലെ കുട്ടികള്‍ തുടങ്ങി നിരവധിപേര്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയുടെ വിവിധ സമയങ്ങളില്‍ ആരാധനക്ക് നേതൃത്വം നല്‍കുകയുണ്ടായി.

ഞായറാഴ്ച വൈകീട്ടു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, മയാമ്മി സെന്റ് ജൂഡ് ദേവാലയത്തിലെ വികാരി റവ.ഫാ.സുനി പടിഞ്ഞാറേക്കര, ഇടവക വികാരി റവ ഫാ.തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി റവ.ഫാ.ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. ഒരു മതം നിലനില്‍ക്കുന്നത് അതില്‍ കരുണയുടെ അംശം ഉള്ളതുകൊണ്ടാണ്. െ്രെകസ്തവ സമൂഹം ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതിന്റെ കാരണം ആ മതം അടിസ്ഥാനമിട്ടിരിക്കുന്നത് കരുണയിലാണ്. ബൈബിളാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനശില. ബൈബിള്‍ കരുണയുടെ പുസ്തകമാണെന്നും, അതില്‍ പറയുന്ന എല്ലാ വ്യക്തികളും, ഈശോമിശിഹായും, പരിശുദ്ധ മറിയവും ഒഴിച്ച്, വളരെ ഇടറിപ്പോയിട്ടുള്ള മനുഷ്യരാണെന്നും, അവരെ താങ്ങിയത് ദൈവത്തിന്റെ കരുണയാണ് എന്ന് പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

കാരുണ്യ വര്‍ഷം സമാപിച്ചുവെങ്കിലും കരുണ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന് പിതാവ് പറയുകയുണ്ടായി. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്‌റ്റേഴ്‌സ് എന്നിവര്‍ ആരാധനയുടെ സജ്ജീകരണങ്ങള്‍ക്കും, കാരുണ്യ വര്‍ഷ സമാപനത്തിനും നേതൃത്വം നല്‍കി.