ചൂടിനു മേല്‍ ചൂടെല്‍ക്കാന്‍ സോളാര്‍

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

images
02:34

29/01/2016

തിരുവനനന്തപുരം: ഭരണ സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ കനത്ത സംഘര്‍ഷം. ജില്ലയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പൊലീസുകാര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തിരിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സെക്രട്ടേറിയറ്റിന് മുന്‍പില്‍ യുദ്ധ സമാനമായ സാഹചര്യമാണുള്ളത്.

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍, പൊലീസ് പ്രതിരോധം മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇത് തടയാന്‍ പൊലീസ് നടത്തിയ ശ്രമമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പൊലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കലക്ടറേറ്റിന് മുന്‍പില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തെരുവുയുദ്ധം തന്നെയാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്.

തൃശൂര്‍ കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും പ്രതിഷേധക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.