ചെങ്ങന്നൂർ കൊലപാതകം: കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

10:01 AM 30/05/2016
Newsimg1_20414536
ജോയി ജോൺ, ഷെറിൻ വി. ജോൺ
ചങ്ങനാശേരി: ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങൾ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതർക്കം മാത്രമല്ല പിതാവ് ജോയി ജോണിനെ ദാരുണമായി കൊലപ്പെടുത്തുന്നതിലേക്ക് മകൻ ഷെറിനെ നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതി കൊലപാതകം സംബന്ധിച്ച പൂർണമായ വിവരങ്ങൾ പൊലീസ് നൽകിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൊഴിമാറ്റി പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം ഷെറിൻ നടത്തി വരികയായിരുന്നു. കൃത്യം നടത്തിയത് ഏതു വിധത്തിലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോൺ ‍(36) കൊലപ്പെടുത്തിയത്. മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്‍റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കോട്ടയത്തെ ലോഡ്ജിൽ നിന്നും ഷെറിനെ പിടികൂടി. ജോയിയെ വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.