ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ

15:02 PM 31/10/2016
download
ന്യൂഡൽഹി: ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നതായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. വിഷയത്തിൽ ജഡ്ജിമാർ ആശങ്കയിലാണ്. ഫോൺ ചോർത്തൽ തെറ്റായ നടപടിയാണെന്നും അനുവദിക്കാനാവില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി.

പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കെജ് രിവാൾ മോദി സർക്കാറിനെതിരെ പുതിയ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കെജ് രിവാളിന്‍റെ പുതിയ ആരോപണത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ജഡ്ജിമാരുടെ ഫോൺ ചോർത്തുന്നുവെന്ന കെജ് രിവാളിന്‍റെ ആരോപണം തള്ളിക്കളയുന്നതായി രവിശങ്കർ പ്രസാദ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ സമ്പൂർണവും വ്യക്തവുമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജഡ്ജി നിയമനം വൈകുന്ന സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ജഡ്ജിമാരില്ലാതെ കോടതികള്‍ അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നതെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ജഡ്ജി നിയമനം നടത്താത്തതിന് പ്രധാനമന്ത്രിയുടെയും നിയമവകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസയക്കുന്ന സാഹചര്യമുണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കോടതിയുടെ രോഷപ്രകടനത്തിന്‍െറ കാഠിന്യം മനസിലാക്കിയ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി, നോട്ടീസയക്കരുതെന്നും നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിക്ക് അനുകൂലമായ വിവരവുമായി വരുമെന്നും ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നതായുള്ള കെജ് രിവാളിന്‍റെ ആരോപണം പ്രസക്തമാകുന്നത്.